മക്ക മസ്ജിദ് സ്ഫോടനത്തില്‍ വിധി പറഞ്ഞ ജഡ്ജി ബിജെപിയിലേക്കെന്ന് സൂചന

രവീന്ദർ റെഡ്ഡി

ഹൈദരാബാദ്∙ മക്ക മസ്ജിദ് കേസിൽ വിധി പറഞ്ഞ എൻഐഎ കോടതി ജഡ്ജിയായ രവീന്ദർ റെഡ്ഡി ബിജെപിയിൽ ചേർന്നേക്കുമെന്ന് റിപ്പോർട്ട്. തെലങ്കാന നിയമസഭയിലേക്ക് തിരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് റെഡ്ഡി ബിജെപി പാളയത്തിലെത്തിയേക്കുമെന്ന് സൂചിപ്പിക്കുന്ന റിപ്പോർട്ടുകൾ പുറത്തുവന്നിട്ടുള്ളത്. മുൻ ആർഎസ്എസ് നേതാവ് സ്വാമി അസീമാനന്ദ ഉൾപ്പെടെയുള്ള പ്രതികളെ വെറുതെ വിട്ട വിധി പ്രസ്താവിച്ച ശേഷം റെഡ്ഡി രാജിവച്ചിരുന്നു. വ്യക്തിപരമായ കാരണങ്ങളാലാണ് രാജിയെന്നായിരുന്നു വിശദീകരണം. 

രവീന്ദർ റെഡ്ഡി ബിജെപിയിൽ ചേരുമെന്ന വാർത്ത വൻതോതിലുള്ള വിമർശനങ്ങൾക്ക് കാരണമായിട്ടുണ്ട്. അനുകൂല വിധി നൽകിയതിന് മുൻ ജഡ്ജിക്കു ലഭിക്കുന്ന പ്രതിഫലമാണ് ബിജെപി അംഗത്വമെന്ന് ഓൾ ഇന്ത്യാ മജ്‍ലിസ് എം ഇത്തിഹാദുൽ മുസ്‍ലിമീൻ (എഐഎംഐഎം) നേതാവ് അസാസുദ്ദീൻ ഒവൈസി എംപി ആരോപിച്ചു. എന്നാൽ റെഡ്ഡി പാർട്ടിയിലെത്തുമെന്ന വാർത്തകള്‍ ബിജെപി നിഷേധിച്ചു. ഹൈദരാബാദിലെത്തിയ ദേശീയ അധ്യക്ഷൻ അമിത് ഷായെ, റെഡ്ഡി കണ്ടിരുന്നുവെന്നും എന്നാൽ അദ്ദേഹത്തിന്‍റെ സേവനം വിനിയോഗിക്കുന്ന കാര്യത്തിൽ ഒരു തീരുമാനവും പാർട്ടി എടുത്തിട്ടില്ലെന്നും സംസ്ഥാന അധ്യക്ഷൻ കെ.ലക്ഷ്മൺ വ്യക്തമാക്കി. 

പതിനായിരക്കണക്കിന് വിശ്വാസികള്‍ എത്തുന്ന ഹൈദരാബാദ് മക്ക മസ്ജിദില്‍ 2007 മേയ് പതിനെട്ടിനാണ് സ്ഫോടനം നടന്നത്. സ്ഫോടനത്തില്‍ ഒന്‍പത് പേര്‍ കൊല്ലപ്പെടുകയും 58 പേര്‍ക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. പതിനൊന്ന് വര്‍ഷത്തെ കോടതി നടപടികള്‍ക്കുശേഷമാണ് മക്ക മസ്ജിദ് സ്ഫോടനക്കേസില്‍ നിര്‍ണായവിധിയുണ്ടായത്. 2011ല്‍ അന്വേഷണം ഏറ്റെടുത്ത എന്‍ഐഎ സമര്‍പ്പിച്ച കുറ്റപത്രത്തില്‍ സ്വാമി അസീമാനന്ദ അടക്കം പത്ത് അഭിനവ് ഭാരത് പ്രവർത്തകരാണ് പ്രതിപ്പട്ടികയിലുണ്ടായിരുന്നത്. ഇവർക്കെതിരെ വ്യക്തമായ തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു വെറുതെ വിട്ടുകൊണ്ടുള്ള കോടതിയുടെ തീരുമാനം.