അന്വേഷണ സംഘത്തോടു കടപ്പാട്; സമ്മർദം അതിജീവിച്ചു ദൗത്യം നിറവേറ്റിയെന്ന് കന്യാസ്ത്രീകൾ

സിസ്റ്റർ അനുപമ ശനിയാഴ്ച മാധ്യമങ്ങളോടു സംസാരിക്കുന്നു

കൊച്ചി∙ കന്യാസ്ത്രീയുടെ പീഡനപരാതിയിൽ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ നടപടിയെടുത്ത അന്വേഷണ സംഘത്തോടു കടപ്പാടുണ്ടെന്ന് സമരം ചെയ്ത കന്യാസ്ത്രീകൾ. അന്വേഷണ സംഘം സമ്മര്‍ദങ്ങൾ അതിജീവിച്ച് ദൗത്യം നിറവേറ്റിയതായി സിസ്റ്റര്‍ അനുപമ വ്യക്തമാക്കി.

സഭ പരാതി കേള്‍ക്കാൻ തയാറായിരുന്നെങ്കിൽ തെരുവിൽ ഇറങ്ങേണ്ടിവരില്ലായിരുന്നു. സഭാ നേതൃത്വത്തിന്റെ ഭാഗത്തുനിന്ന് എന്തു നടപടിയുണ്ടായാലും നേരിടും. പീഡനമനുഭവിക്കുന്ന ഒരുപാട് കന്യാസ്ത്രീകളുണ്ട്. അവര്‍ക്കുവേണ്ടിയാണ് തങ്ങളുടെ പോരാട്ടമെന്നും സിസ്റ്റർ അനുപമ പറഞ്ഞു.

കന്യാസ്ത്രീയുടെ പരാതിയിൽ സഭാനേതൃത്വത്തിന്റെ നിലപാടുകള്‍ക്കെതിരെ സിസ്റ്റർ അനുപമ ഇന്നലെയും രംഗത്തെത്തിയിരുന്നു. കേസിൽ സഭാ നേതൃത്വം കുറ്റകരമായ മൗനമാണു പുലർത്തുന്നതെന്നും അനുപമ ആരോപിച്ചു. ബിഷപ് ഫ്രാങ്കോ മുളയ്ക്കലിന്റെ അറസ്റ്റ് രേഖപ്പെടുത്തിയതിനാൽ വെള്ളിയാഴ്ച വൈകിട്ടോടെ കൊച്ചിയിൽ നടത്തിവന്ന നിരാഹാര സമരം പിൻവലിച്ചതായി സമരസമിതി അറിയിച്ചിരുന്നു.