ശത്രുക്കളെ അതേ നാണയത്തിൽ തിരിച്ചടിക്കാനുള്ള സമയമായി; താക്കീതു നൽകി കരസേന മേധാവി

ജനറൽ ബിപിൻ റാവത്ത്

ജയ്പുർ∙ ഇന്ത്യൻ സൈനികർക്കു നേരെയുള്ള ഭീകരരുടെയും പാക്ക് സൈനികരുടെയും കാടത്തം അവസാനിപ്പിക്കാൻ ശക്തമായ നടപടികൾ ആവശ്യമാണെന്നു കരസേന മേധാവി ജനറൽ ബിപിൻ റാവത്ത്. ജമ്മു കശ്മീരിൽ മൂന്നു പൊലീസ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്തിയതിനു പിന്നാലെ ഒരു ബിഎസ്എഫ് ജവാനെ വെടിവച്ച്, കഴുത്തറുത്ത നിലയിൽ കണ്ടെത്തിയതിനെ തുടർന്നാണ് ചീഫ് ജനറലിന്റെ പ്രസ്താവന. ശത്രുക്കളെ അതേ നാണയത്തിൽ തിരിച്ചടിക്കാനുള്ള സമയം അതിക്രമിച്ചു. നമ്മൾ അനുഭവിച്ച അതേ വേദന അവരും അനുഭവിക്കണം. എന്നാൽ അവർ സ്വീകരിച്ച പൈശാചികമായ രീതിയിലായിരിക്കില്ല അതെന്നും അദ്ദേഹം പറഞ്ഞു.

ചർച്ചകളും ഭീകരവാദവും ഒരുമിച്ചു മുന്നോട്ടു പോകില്ല. ഭീകരവാദികളുടെ ഭീഷണി അവസാനിപ്പിക്കാൻ പാക്കിസ്ഥാൻ ശക്തമായ നടപടി സ്വീകരിക്കണം. ഭീകരരെ ഇന്ത്യക്കെതിരെ ഉപയോഗിക്കാൻ അവർ അനുവദിക്കരുത്– ബിപിൻ റാവത്ത് പറഞ്ഞു.

അതിർത്തിയിൽ ശത്രുക്കൾ ഈ രീതിയിൽ പെരുമാറിയപ്പോഴെല്ലാം ഇന്ത്യ ശക്തമായ തിരിച്ചടികൾ നൽകിയിട്ടുണ്ട്. പാക്കിസ്ഥാൻ ആവശ്യപ്രകാരമാണ് കഴിഞ്ഞ മേയിൽ വെടിനിർത്തൽ പ്രഖ്യാപിച്ചത്. എന്നാൽ ഈ രീതി തുടർന്നാൽ ശക്തമായ തിരിച്ചടികൾ ഉണ്ടാകുമെന്നും കരസേന മേധാവി താക്കീതു നൽകി.