ബിഷപ്പിനെ നുണപരിശോധനയ്ക്കു വിധേയനാക്കും; തെളിവെടുപ്പു കഴിഞ്ഞു

കോട്ടയം∙ കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ നുണപരിശോധനയ്ക്കു വിധേയനാക്കും. ബിഷപ് കുറ്റസമ്മതം നടത്താത്തതിനെ തുടർന്നാണു നീക്കം. നുണപരിശോധനയ്ക്കുള്ള അനുമതിക്കായി പൊലീസ് കോടതിയെ സമീപിക്കും. നുണപരിശോധനാഫലം അന്വേഷണത്തിൽ നിർണ്ണായകമാകുമെന്നാണ് വിലയിരുത്തുന്നത്. ബിഷപ് നുണപരിശോധനയ്ക്ക് സമ്മതിച്ചില്ലെങ്കില്‍ അതും സാഹചര്യത്തെളിവായി ഉള്‍പ്പെടുത്താമെന്നാണ് പ്രതീക്ഷ.

ഇരയായ കന്യാസ്ത്രീയെ അപായപ്പെടുത്താനും കേസ് അട്ടിമറിക്കാനും ശ്രമിച്ചെന്ന പരാതിയില്‍ ഒരാഴ്ചയ്ക്കകം അന്വേഷണം പൂര്‍ത്തിയാക്കാനും പ്രതികളെ അറസ്റ്റ് ചെയ്യാനും കോട്ടയം എസ്പി നിര്‍ദേശം നല്‍കി.

അതേസമയം, ബിഷപ് ഫ്രാങ്കോയെ കുറവിലങ്ങാട് നാടുകുന്ന് മഠത്തിലെത്തിച്ചു തെളിവെടുത്തു. പീഡനം നടന്ന 20ാം നമ്പർ മുറിയിൽ ഉൾപ്പെടെ എത്തിച്ചായിരുന്നു തെളിവെടുപ്പ്. പരാതിക്കാരി ഉള്‍പ്പെടെയുള്ള കന്യാസ്ത്രീകളെ മാറ്റിയശേഷമാണ് ബിഷപ്പിനെ എത്തിച്ചത്. ബിഷപ് ഫ്രാങ്കോയെ തിരികെ കോട്ടയം പൊലീസ് ക്ലബിലേക്ക് എത്തിച്ചു.

പീഡനം നടന്ന 2014 –2016 കാലയളവില്‍ ബിഷപ് ഉപയോഗിച്ച മൊബൈല്‍ ഫോണ്‍, വസ്ത്രങ്ങള്‍, ലാപ്ടോപ് എന്നിവ വീണ്ടെടുക്കാനും പൊലീസ് ശ്രമിക്കുന്നുണ്ട്. മഠത്തില്‍ മാത്രം തെളിവെടുപ്പു മതിയെന്ന നിലപാടിലാണ് അന്വേഷണസംഘം. നാളെ ഉച്ചവരെ ബിഷപ്പ് പൊലീസ് കസ്റ്റഡിയില്‍ തുടരും..