രാമക്ഷേത്രം സമവായത്തിലൂടെ നിർമിക്കും: യുപി ബിജെപി അധ്യക്ഷൻ

ലക്നൗ∙ അയോധ്യയിൽ സമവായത്തിലൂടെ രാമക്ഷേത്രം നിർമിക്കാനാണ് പാർട്ടി ശ്രമിക്കുന്നതെന്ന് ഉത്തർപ്രദേശ് ബിജെപി അധ്യക്ഷൻ മഹേന്ദ്ര നാഥ് പാണ്ഡേ. വികസനവും മികച്ച ഭരണനിർവഹണവും മുന്നിൽനിർത്തിയുള്ള പോരാട്ടമായിരിക്കും 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പിൽ നടത്തുകയെന്നും പാണ്ഡേ കൂട്ടിച്ചേർത്തു. പത്രക്കുറിപ്പിലൂടെയാണ് പാണ്ഡെ നിലപാടു വ്യക്തമാക്കിയത്.

‘രാമക്ഷേത്രം നമ്മുടെ വിശ്വാസത്തിന്റെയും ആരാധനയുടെയും കേന്ദ്രബിന്ദുവാണ്. നിയമപ്രകാരമായിരിക്കണം അതു നിർമിക്കേണ്ടത്. അതിനു ഞങ്ങൾ പ്രതിജ്ഞാബദ്ധരുമാണ്. സമവായത്തിലൂടെ രാമക്ഷേത്രം നിർമിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. ഇന്ത്യയിലെ ജനങ്ങൾക്ക് അറിയാം രാമൻ ജനിച്ചത് അയോധ്യയിലാണെന്ന്. ക്ഷേത്രം അവിടെയാണ് നിർമിക്കേണ്ടതെന്ന്. എല്ലാ ഇന്ത്യക്കാരുടെയും ആ വികാരമാണ് ബിജെപിക്കുമുള്ളത്.’ – പാണ്ഡെ പ്രസ്താവനയിൽ പറഞ്ഞു.

പട്ടിക ജാതി / വർഗ നിയമത്തിന്റെ ദുരുപയോഗം അനുവദിക്കില്ലെന്നും പാണ്ഡെ കൂട്ടിച്ചേർത്തു. തിരഞ്ഞെടുപ്പിനു മുന്നോടിയായി ബിജെപിക്ക് എതിരായി പ്രതിപക്ഷ കക്ഷികൾ അണിനിരക്കുന്നതിനെയും പാണ്ഡെ വിമർശിച്ചു. പ്രകൃതി വിരുദ്ധമായ സഖ്യമുണ്ടാക്കാനാണ് ശ്രമം. ജനങ്ങൾ അവരെ തിരസ്കരിച്ചതാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ എതിർക്കുകയല്ലാതെ പ്രതിപക്ഷത്തിനു വേറെ പണിയില്ല. ആരാണ് അവരുടെ നേതാവെന്നോ അജണ്ടയെന്നോ വ്യക്തമല്ല. രാജ്യത്തിന്റെ ഉന്നതി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കൈവശം സുരക്ഷിതമായിരിക്കും, പാണ്ഡെ വ്യക്തമാക്കി.