ഗോവയിൽ പരീക്കര്‍ മാറില്ല; മന്ത്രിസഭാ പുനഃസംഘടന ഉടനെന്നും അമിത് ഷാ

മനോഹർ പരീക്കര്‍.

പനജി∙ ഗോവ സർക്കാരിൽ നേതൃമാറ്റമുണ്ടാകില്ലെന്നു വ്യക്തമാക്കി ബിജെപി ദേശീയ നേതൃത്വം. ഗോവ മുഖ്യമന്ത്രിയായി മനോഹർ പരീക്കർ തന്നെ തുടരുമെന്നു ബിജെപി അധ്യക്ഷൻ അമിത് ഷാ പറഞ്ഞു. മന്ത്രിസഭാ പുനഃസംഘടന ഉടൻ നടത്തുമെന്നും ഷാ അറിയിച്ചു. ദീർഘനാളായി ചികിത്സയിലുള്ള പരീക്കർ സ്ഥാനമൊഴിഞ്ഞേക്കുമെന്ന സൂചനകൾക്കിടെയാണു ഷായുടെ പ്രഖ്യാപനം.

യുഎസിൽ മാസങ്ങൾ നീണ്ട ചികിത്സയ്ക്കുശേഷം പരീക്കർ മടങ്ങിയെത്തിയെങ്കിലും ഉടൻ എയിംസിൽ പ്രവേശിപ്പിക്കപ്പെട്ടു. ഇതിനു പിന്നാലെ സർക്കാർ രൂപീകരിക്കുന്നതിനു കോണ്‍ഗ്രസ് അവകാശവാദമുന്നയിച്ചു. സർക്കാർ ഭൂരിപക്ഷം തെളിയിക്കണമെന്നു ഗവർണർ മൃദുല സിൻഹയോടു പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു.

ആരോഗ്യനിലയെക്കുറിച്ച് അമിത് ഷായുമായി സംസാരിച്ച പരീക്കർ, തനിക്കു പകരക്കാരനെ കണ്ടെത്താൻ നിർദേശിച്ചതായി വാർത്തകളുണ്ടായിരുന്നു. ഇതിനിടെയാണു മുഖ്യമന്ത്രിയെ മാറ്റേണ്ടതില്ലെന്നു ബിജെപി ദേശീയ നേതൃത്വം തീരുമാനമെടുത്തത്. സ്വതന്ത്രരുടെ ഉൾപ്പെടെ പിന്തുണയോടെയാണു ഗോവയിൽ ബിജെപി അധികാരത്തിലേറിയത്. 40 അംഗ നിയമസഭയിൽ ബിജെപിക്ക് 14 സീറ്റുകളാണുള്ളത്. മൂന്നുവീതം പ്രതിനിധികളുള്ള എംജിപി, ജിഎഫ്പി കക്ഷികളും മൂന്നു സ്വതന്ത്രരും ബിജെപിയെ പിന്തുണയ്ക്കുന്നു.