വിശ്വാസികളുടെ പ്രതിഷേധം: സിസ്റ്റർ ലൂസിക്കെതിരായ വിലക്കുകൾ പിൻവലിച്ചു

സിസ്റ്റർ ലൂസി

മാനന്തവാടി ∙ ബിഷപ്പിനെതിരെ സമരം ചെയ്ത കന്യാസ്ത്രീകളെ പിന്തുണച്ച സിസ്റ്റർ ലൂസി കളപ്പുരയ്ക്കെതിരായ എല്ലാ വിലക്കുകളും പിൻവലിച്ചതായി സെന്റ് മേരീസ് ഇടവക വികാരി ഫാ. സ്റ്റീഫന്‍ കോട്ടയ്ക്കല്‍ അറിയിച്ചു. കാരയ്ക്കാമല ഇടവകയിലെ വിശ്വാസികളുടെ പ്രതിഷേധത്തെ തുടർന്നായിരുന്നു സിസ്റ്റർക്കെതിരെയുള്ള നടപടികള്‍ വേണ്ടെന്നുവച്ചത്.

പാരി‍ഷ് കൗൺസിൽ യോഗത്തിലേക്ക് ഒരു വിഭാഗം വിശ്വാസികൾ തള്ളിക്കയറി പ്രതിഷേധിക്കുകയായിരുന്നു. ഇടവകയിലെ വിശ്വാസികളുടെ പേരുപറഞ്ഞാണു നേരത്തേ സിസ്റ്റർ ലൂസിക്കെതിരെ നടപടികൾ സ്വീകരിച്ചത്. എന്നാൽ വിശ്വാസികളിൽ നിന്നു ശക്തമായ പ്രതിഷേധം ഉയർന്നതോടെ വിലക്കു പിൻവലിക്കാൻ പാരിഷ് കൗൺസിൽ യോഗം തീരുമാനിക്കുകയായിരുന്നു. തീരുമാനത്തിൽ സന്തോഷമുണ്ടെന്ന് സിസ്റ്റർ ലൂസി പ്രതികരിച്ചു.

വയനാട് കാരയ്ക്കാമല മഠത്തിലെ സിസ്റ്റർ ലൂസി കളപ്പുരയ്ക്കെതിരെ എഫ്സിസി സന്യാസമൂഹം മദർ സുപ്പീരിയറാണു നടപടിയെടുത്തത്. പ്രാർഥന, ആരാധന, കുർബാന എന്നീ ചുമതലകളിൽ വിലക്കേർപ്പെടുത്തുകയായിരുന്നു. സമൂഹമാധ്യമങ്ങളിൽ സഭാവിരുദ്ധ പോസ്റ്റുകളിട്ടു, വായ്പയെടുത്ത് കാറുവാങ്ങി, സഭാവസ്ത്രം ധരിക്കാതെ പൊതുപരിപാടിയിലെത്തി തുടങ്ങിയ കുറ്റങ്ങൾ ചുമത്തിയായിരുന്നു നടപടി.