ബിഷപ് ഫ്രാങ്കോ പാലാ സബ് ജയിലിൽ; ജാമ്യാപേക്ഷ ഹൈക്കോടതി 27ലേക്കു മാറ്റി

ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ പാലാ സബ് ജയിലിലേക്കു കയറ്റുന്നു. ചിത്രം: ജിബിൻ ചെമ്പോല.

കൊച്ചി∙ കന്യാസ്ത്രീയുടെ പീഡനപരാതിയിൽ അറസ്റ്റിലായ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെ പാലാ കോടതി അടുത്തമാസം ആറുവരെ റിമാന്‍ഡ് ചെയ്തു. ബിഷപിനെ പാലാ സബ് ജയിലിലേക്കു മാറ്റി. അടുത്ത ശനിയാഴ്ച വീണ്ടും കോടതിയില്‍ ഹാജരാക്കും. അറസ്റ്റിലായപ്പോള്‍ ധരിച്ചിരുന്ന വസ്ത്രം പൊലീസ് ബലമായി വാങ്ങിയെന്നു ബിഷപ് കോടതിയെ അറിയിച്ചു. അതിലെ മുടിയും മറ്റും ഉപയോഗിച്ച് വ്യാജതെളിവുണ്ടാക്കുമെന്ന് ആശങ്കയെന്നും ബിഷപ്. 

അതിനിടെ, ബിഷപ് ഫ്രാങ്കോയുടെ ജാമ്യാപേക്ഷ ഹൈക്കോടതി വ്യാഴാഴ്ചത്തേക്കു മാറ്റി. മുൻകൂർ ജാമ്യാപേക്ഷ പരിഗണിക്കവെ അറസ്റ്റ് ചെയ്തതിനെതിരെ ബിഷപ്പിന്റെ അഭിഭാഷകൻ നിലപാടെടുത്തു. എന്നാൽ അറസ്റ്റ് തടയരുതെന്ന് ആവശ്യപ്പെട്ടിട്ടില്ലെന്നാണ് ഹൈക്കോടതി മറുപടി നൽകിയത്. മുൻകൂർ ജാമ്യാപേക്ഷ അപ്രസക്തമായെന്നും കോടതി ചൂണ്ടിക്കാട്ടി. പൊലീസ് വ്യാജതെളിവുകള്‍ സൃഷ്ടിക്കുകയാണെന്ന് ബിഷപ്പ് ജാമ്യഹര്‍ജിയില്‍ ആരോപിച്ചിട്ടുണ്ട്. അറസ്റ്റ് നിയമവിരുദ്ധമാണെന്നും ക്രിമിനല്‍ നടപടി ചട്ടങ്ങള്‍ പാലിച്ചില്ലെന്നും ഹര്‍ജിയില്‍ പറയുന്നു. തന്റെ ആരോഗ്യസ്ഥിതി മോശമാണെന്നും ബിഷപ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, ബിഷപിനെനെതിരെ സിബിഐ അന്വേഷണം ആവശ്യമില്ലെന്നു ഹൈക്കോടതി രാവിലെ മറ്റു ഹർജികൾ തീർപ്പാക്കി ഉത്തരവിട്ടു. പൊലീസിനെ സ്വതന്ത്രമായി അന്വേഷിക്കാന്‍ വിടണം. ഹര്‍ജികള്‍ക്കുപിന്നില്‍ മറ്റെന്തെങ്കിലും താല്‍പര്യമുണ്ടോയെന്നും കോടതി ആരാഞ്ഞു. സിബിഐ അന്വേഷണം ആവശ്യപ്പെട്ട പൊതുതാല്‍പര്യഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു ഹൈക്കോടതി.

മാത്രമല്ല, കൂടുതൽ തെളിവുകൾ ശേഖരിക്കുന്നതിനു ബിഷപ്പിനെ നുണപരിശോധനയ്ക്കു വിധേയനാക്കാൻ അന്വേഷണ സംഘം ആലോചിക്കുന്നുണ്ട്. പരിശോധനയ്ക്കുള്ള അപേക്ഷയെ ബിഷപ് എതിർത്താൽ അതു മറ്റൊരു സാഹചര്യ തെളിവാക്കാനാണു പൊലീസിന്റെ ആലോചന.

ഞായറാഴ്ച ബിഷപ്പിനെ കുറവിലങ്ങാട്ടെ നാടുകുന്നു മഠത്തിലെത്തിച്ചു തെളിവെടുത്തു. സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ചെന്ന കേസിൽ അന്വേഷണം വേഗത്തിലാക്കിയിട്ടുണ്ട്. ഫാ. ജയിംസ് ഏർത്തയിലിനെതിരെയാണു കേസുള്ളത്. അന്വേഷണം പുരോഗമിക്കുമ്പോൾ ബിഷപ് ഉൾപ്പെടെ കൂടുതൽ പേരെ പ്രതി ചേർത്തേക്കാം. പരാതിക്കാരിയായ കന്യാസ്ത്രീയുടെ ചിത്രം പ്രചരിപ്പിച്ച കേസിൽ മിഷനറീസ് ഓഫ് ജീസസ് വക്താവ് സിസ്റ്റർ അമലയ്ക്കെതിരെയും നടപടിയുണ്ടാകും. കേസുകളിൽ ഒരാഴ്ചയ്ക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കാൻ ജില്ലാ പൊലീസ് മേധാവി ഹരിശങ്കർ അന്വേഷണ ഉദ്യോഗസ്ഥൻ കെ.സുഭാഷിനു നിർദേശം നൽകി.