പക്യോങ്: ഹിമാലയത്തിലെ എൻജിനീയറിങ് വിസ്മയം; ചിത്രങ്ങള്‍ പകര്‍ത്തി മോദി

പക്യോങ് വിമാനത്താവളം

ഗാങ്‌ടോക് ∙ ഒമ്പതു വര്‍ഷം നീണ്ട കാത്തിരിപ്പിനു ശേഷം സിക്കിമിലെ ആദ്യ വിമാനത്താവളമായ പക്യോങ് പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തിനു സമര്‍പ്പിച്ചു. സമുദ്ര നിരപ്പില്‍ നിന്നും 4500 അടി മുകളില്‍, ചൈനീസ് അതിര്‍ത്തിയില്‍ നിന്നും 60 കിലോമീറ്റര്‍ അകലെ 201 ഏക്കറിലായി പരന്നു കിടക്കുന്ന വിമാനത്താവളം സമ്മാനിക്കുന്നത് എൻജിനീയിറിങ് മികവിന്റെ വിസ്മയമാണ്. പ്രധാന റണ്‍വേ 75 മീറ്റര്‍ നീട്ടുന്നതോടെ ഇന്ത്യന്‍ വ്യോമസേനയുടെ യുദ്ധ വിമാനങ്ങള്‍ റണ്‍വേയില്‍ തന്നെയിറക്കാന്‍ സാധിക്കുമെന്നതും പ്രതിരോധ മേഖലയ്ക്കു കരുത്തു പകരും.

പക്യോങ് വിമാനത്താവളത്തിൽനിന്നുള്ള ചിത്രം: പിഎംഒ, ട്വിറ്റർ

പ്രധാനമന്ത്രി വിമാനത്താവളത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചെങ്കിലും ഇവിടെ നിന്നു വ്യാവസായികാടിസ്ഥാനത്തിലുള്ള സേവനം ഒക്ടോബര്‍ നാലു മുതല്‍ ആരംഭിക്കാനാകുമെന്നാണ് ഇപ്പോഴത്തെ പ്രതീക്ഷ. ഈ വര്‍ഷം ആദ്യമാണ് വിമാനത്താവളത്തിനാവശ്യമായ സുരക്ഷ ക്ലിയറന്‍സ് ലഭിച്ചത്. ഇന്ത്യയിലെ നൂറാമത്തെ വിമാനത്താവളമായ പക്യോങ് പ്രവര്‍ത്തന സജ്ജമാകുന്നതോടെ സിക്കിമിലേക്കുള്ള വിനോദ സഞ്ചാരികളുടെ യാത്ര സുഗമമാകും. 124 കിലോമീറ്റര്‍ അകലെ പശ്ചിമബംഗാളിലെ ബഗ്‌ഡോഗരയിലാണ് സിക്കിമനോട് ഏറ്റവും അടുത്തു കിടക്കുന്ന വിമാനത്താവളം നിലവിലുള്ളത്.

പക്യോങ് വിമാനത്താവളത്തിന്റെ റൺവേ. ചിത്രം: പിഎംഒ, ട്വിറ്റർ

സിക്കിമിലേക്കുള്ള യാത്രാമധ്യേ ഹിമാലയന്‍ മലനിരകളുമായി ചേര്‍ന്നു കിടക്കുന്ന സംസ്ഥാനത്തിന്റെ മനോഹരമായ ചിത്രങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ട്വിറ്ററില്‍ പങ്കുവച്ചു. വിനോദസഞ്ചാരത്തിന്റെ ടാഗ്‌ലൈനായ ഇന്‍ക്രെഡിബിള്‍ ഇന്ത്യ എന്ന ഹാഷ്ടാഗ് ഉപയോഗിച്ചാണ് പ്രധാനമന്ത്രി സിക്കിമിന്റെ ചിത്രങ്ങള്‍ പങ്കുവച്ചത്. പ്രസന്നത കളിയാടുന്ന മനോഹരമായ പ്രദേശമായാണ് സിക്കിമിനെ അദ്ദേഹം വിശേഷിപ്പിച്ചത്. ബഗ്‌ഡോഗരയില്‍ നിന്നും ഹെലികോപ്റ്റര്‍ മാര്‍ഗമാണ് പ്രധാനമന്ത്രി സിക്കിമിലെത്തിയത്.

സിക്കിമിലേക്കുള്ള യാത്രയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പകർത്തിയ ചിത്രം. (ട്വിറ്ററിൽനിന്ന്)

കുന്നിന്‍ ചെരുവില്‍നിന്നും വിമാനത്താവളത്തിനാവശ്യമായ സ്ഥലം രൂപപ്പെടുത്തിയെടുത്തതു തന്നെ ഭൗമപരമായ സാങ്കേതിക വിദ്യയായ 'കട്ട് ആന്‍ഡ് ഫില്‍ എൻജിനീയറിങ്' ഉപയോഗിച്ചാണ്. ഏതു സമ്മര്‍ദത്തെയും അതിജീവിച്ച് മണ്ണു നിലനിര്‍ത്താന്‍ ഇതുവഴി കഴിയും. സമുദ്രനിരപ്പില്‍ നിന്നുമുള്ള അകലം മൂലം മണ്ണു നിലനിര്‍ത്തലും ബലപ്പെടുത്തലുമായിരുന്നു നിര്‍മ്മാണ രംഗത്തെ പ്രധാന ഭീഷണി. മതിലുകെട്ടിയുള്ള മണല്‍ സംരക്ഷണവും ബലപ്പെടുത്തലും പോലുള്ള പരമ്പരാഗത മാര്‍ഗങ്ങള്‍ ഫലപ്രദമല്ലെന്ന് ആദ്യ ഘട്ടത്തില്‍ തന്നെ കണ്ടെത്തിയതോടെ തീര്‍ത്തും ആധുനിക സംവിധാനമായ ജിയോഗ്രിഡ് ഉപയോഗിച്ചാണ് മണ്ണ് കാത്തുസൂക്ഷിച്ചതും ബലപ്പെടുത്തിയതും. ചരിവുകളുടെ ബലം ഉറപ്പിക്കാന്‍ ഇതുവഴി സാധിച്ചു. മെക്കാഫെറി എന്ന ഇറ്റാലിയന്‍ കമ്പനിയാണ് ഈ പ്രവര്‍ത്തനങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്.

സിക്കിമിലേക്കുള്ള യാത്രയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി പകർത്തിയ ചിത്രം. (ട്വിറ്ററിൽനിന്ന്)

3,000 സ്‌ക്വയര്‍ മീറ്റര്‍ ദൈര്‍ഘ്യമുള്ള ടെര്‍മിനല്‍ കെട്ടിടമാണ് വിമാനത്താവളത്തിനുള്ളത്. പദ്ധതിയുടെ ഭാഗമായി നിര്‍മ്മിച്ച റീഇന്‍ഫോര്‍സ്‌മെന്റ് മതിലിനു (മണ്ണു പിടിച്ചുനിര്‍ത്താനും ബലപ്പെടുത്താനുള്ള മതില്‍) മാത്രം 80 മീറ്റര്‍ ഉയരം വരും. ലോകത്തിലെ തന്നെ ഏറ്റവും പൊക്കം കൂടിയ ഇത്തരത്തിലുള്ള മതിലാണിത്. 605 കോടി രൂപ ചെലവിട്ട്, എയര്‍പോര്‍ട്ട് അതോറിറ്റി ഓഫ് ഇന്ത്യയാണ് വിമാനത്താവളം നിര്‍മ്മിച്ചിട്ടുള്ളത്.

എടിസി ടവര്‍-കം- ഫയര്‍ സ്റ്റേഷന്‍, യാത്രക്കാര്‍ക്കായി ഒരു ടെര്‍മിനല്‍ കെട്ടിടം, അത്യാധുനികമായ രണ്ട് സിഎഫ്ടി, തീവ്രത കൂടിയ റണ്‍വേ ലൈറ്റുകള്‍ തുടങ്ങിയവ വിമാനത്താവളത്തിന്റെ ചില സവിശേഷതകളാണ്. 30 മീറ്റര്‍ വീതിയുള്ള 1.75 കിലോമീറ്റര്‍ നീളത്തിലുള്ള റണ്‍വേയാണ് വിമാനത്താവളത്തിനുള്ളത്. രണ്ട് എടിആര്‍-72 വിമാനങ്ങള്‍ നിര്‍ത്താന്‍ കഴിയുന്ന, ചരക്കു കയറ്റാനുള്ള മേഖലയിലേക്ക് നയിക്കുന്ന 116 മീറ്റര്‍ നീളമുള്ള ടാക്‌സിവേയും വിമാനത്താവളത്തിനുണ്ട്.