കന്യാസ്ത്രീയുടെ സഹോദരിക്കു ഭീഷണി: ബിഷപ്പിന്റെ ‘സുഹൃത്തി’നെതിരെ കേസ്

കാലടി(കൊച്ചി)∙ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പീഡനക്കുറ്റത്തിനു പരാതി നൽകിയ കന്യാസ്ത്രിയുടെ സഹോദരിക്കു വധഭീഷണിയെന്നു പരാതി. ബിഷപ്പിന്റെ സുഹൃത്തെന്ന് ആരോപിക്കപ്പെടുന്ന പെരുമ്പാവൂർ മങ്കുഴി ചിറ്റൂപറമ്പൻ തോമസിനെതിരെ കാലടി പൊലീസ് കേസെടുത്തു. കന്യാസ്ത്രിയുടെ മൂത്ത സഹോദരിയാണു പരാതിക്കാരി.

ബിഷപ് ഫ്രാങ്കോയുടെ അടുപ്പക്കാരനായ പുരോഹിതന്റെ സഹോദരനാണു തോമസ്. ബിഷപ്പിനും പുരോഹിതനുമൊപ്പം ഇയാൾ നേരത്തേ പരാതിക്കാരിയുടെ വീട്ടിൽ വന്നിട്ടുണ്ട്. ബിഷപ്പിനെതിരായ പരാതി പിൻവലിക്കാൻ കന്യാസ്ത്രീയെ നിർബന്ധിക്കണമെന്നാവശ്യപ്പെട്ടു കഴിഞ്ഞ ജൂൺ 24നാണ് എത്തിയത്. ഇക്കാര്യം പലവട്ടം ആവശ്യപ്പെട്ടതായും സഹോദരിയുടെ പരാതിയിൽ പറയുന്നു.

ആവശ്യം നിരസിച്ചപ്പോൾ കുടുംബക്കാർക്കു പല ബുദ്ധിമുട്ടുകളുണ്ടാകുമെന്നു ഭീഷണിപ്പെടുത്തി. രണ്ടു ദിവസം കഴിഞ്ഞു പ്രതി തോമസ് നേരിട്ടു ഫോണിൽ വിളിച്ച് അന്നു പറഞ്ഞ കാര്യം എന്തായെന്നു ചോദിച്ചു. മറുപടി ആവർത്തിച്ചപ്പോൾ വധഭീഷണി മുഴക്കി. അന്നു ഭീഷണി കാര്യമാക്കിയിരുന്നില്ല. ഇപ്പോൾ ഭീതി തോന്നുന്നതായും സഹോദരി വ്യക്തമാക്കി.