അപകീർത്തി പരാമർശം: പി.സി.ജോര്‍ജിനെതിരെ കന്യാസ്ത്രീ പരാതി നൽകി

പി.സി.ജോർജ്

കോട്ടയം ∙ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയ പി.സി.ജോർജ് എംഎൽഎയ്ക്കെതിരെ കന്യാസ്ത്രീയുടെ പരാതി. ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ പരാതി നൽകിയ കന്യാസ്ത്രീയാണു പി.സി.ജോര്‍ജിനെതിരെ കോട്ടയം എസ്പിക്കു പരാതി നൽകിയത്. വൈക്കം ഡിവൈഎസ്പിക്കു എസ്പി പരാതി കൈമാറി.

കന്യാസ്ത്രീക്കെതിരായ പരാമർശത്തിന്റെ പേരിൽ ഒക്ടോബർ നാലിനകം ഹാജരാകണമെന്നു ദേശീയ വനിതാ കമ്മിഷൻ ജോർജിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അഭിഭാഷകൻ വിശദീകരണം നൽകുമെന്നാണു ജോർജിന്റെ നിലപാട്. വിശദീകരണക്കുറിപ്പ് അഭിഭാഷകൻ കമ്മിഷനു മുന്നിൽ ഹാജരാക്കും. ബിഷപ് തെറ്റുകാരനാണെന്നു കരുതുന്നില്ലെന്നും 12 തവണ പീഡനത്തിനിരയായ ശേഷം 13–ാം തവണ കന്യാസ്ത്രീ പരാതി നൽകിയതിൽ ദുരൂഹതയുണ്ടെന്നായിരുന്നു പി.സി.ജോര്‍ജിന്റെ ആരോപണം.