ഇതു തുടക്കം മാത്രം, കൂടുതൽ വരാനിരിക്കുന്നു: റഫാലിൽ രാഹുൽ

രാഹുൽ ഗാന്ധി.

ന്യൂഡൽഹി ∙ റഫാൽ വിവാദത്തിനു മൂർച്ച കൂട്ടി കോൺഗ്രസ് അധ്യക്ഷൻ രാഹുല്‍ ഗാന്ധി. ഇതു തുടക്കം മാത്രമാണ്. വരുംദിവസങ്ങളിൽ റഫാലുമായി ബന്ധപ്പെട്ട കൂടുതൽ കാര്യങ്ങൾ പുറത്തുവരുമെന്നും രാഹുൽ‌ പറഞ്ഞു. തന്‍റെ മണ്ഡലമായ അമേഠിയിൽ ജില്ലാതല വിജിലൻസ് ആൻഡ് മോണിറ്ററിങ് കമ്മിറ്റി യോഗത്തിനുശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരായ ആരോപണങ്ങൾ ആവർത്തിച്ച രാഹുൽ, ഒരു സ്വകാര്യ കമ്പനിക്കു ലാഭം നേടി കൊടുക്കുന്ന തരത്തിലാണു മോദി പ്രവർത്തിച്ചതെന്നു കുറ്റപ്പെടുത്തി. റഫാൽ കരാറിനെപ്പറ്റി പാർലമെന്റിൽ നടന്ന ചർച്ച രാജ്യത്തെ യുവാക്കൾ കണ്ടതാണെന്നും അദ്ദേഹം പറഞ്ഞു. രാഹുൽ യോഗത്തിൽ പങ്കെടുക്കാനെത്തുംമുൻപു കലക്ടറേറ്റ് പരിസരത്തു ബിജെപി, കോൺഗ്രസ് പ്രവർത്തകർ മുദ്രാവാക്യം വിളികളുമായി സംഘടിച്ചത് സംഘർഷാവസ്ഥ സൃഷ്ടിച്ചു. പൊലീസ് ഇടപെട്ടാണു പ്രവർത്തകരെ മാറ്റിയത്.

ട്വിറ്ററിലും രാഹുൽ റഫാൽ വിഷയത്തിലെ ആക്രമണം തുടർന്നു. ‘ഇന്ത്യയ്ക്കുവേണ്ടി സേവനമനുഷ്ഠിച്ച ഓഫിസർമാരോട്, ജവാന്മാരോട്, വീരമൃത്യു വരിച്ച പൈലറ്റുമാരുടെ കുടുംബാംഗങ്ങളോട്, ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡിന്റെ (എച്ച്എഎൽ) ഭാഗമായിരുന്നവരോട്... നിങ്ങളുടെ വേദന ഞങ്ങൾ കേൾക്കുന്നു. നിങ്ങളുടെ വികാരം ഉൾക്കൊള്ളുന്നു. അപമാനിക്കപ്പെട്ട നിങ്ങൾക്കു ഞങ്ങൾ നീതി ഉറപ്പുവരുത്തും’– അമർ ജവാൻ ജ്യോതിയുടെ ചിത്രം സഹിതമുള്ള ട്വീറ്റിൽ രാഹുൽ വ്യക്തമാക്കി.