ശ്മശാനത്തിൽ ജന്മദിനാഘോഷം; പൊലീസ് കേസ്, ഗോമൂത്രം തളിച്ച് ബിജെപി

ശമ്ശാനത്തിൽ പന്താരി നാഥ് ഷിന്‍ഡെ നടത്തിയ ജന്മദിനാഘോഷം.

മുംബൈ∙ ശ്മശാനത്തിൽ മകന്റെ ജന്മദിനം ആഘോഷിച്ച പിതാവിനെതിരെ പൊലീസ് കേസെടുത്തു. സാമൂഹ്യപ്രവർത്തകനായ ഔറംഗാബാദ് സ്വദേശി പന്താരി നാഥ് ഷിന്‍ഡെക്കെതിരെയാണ് കേസ്. മതവികാരം വ്രണപ്പെടുത്തി, ആരാധനാ സ്ഥലം അശുദ്ധമാക്കി എന്നീ പരാതികളെ തുടർന്നാണ് കേസ്. ജിന്ദൂര്‍ ബിജെപി യൂണിറ്റ് പ്രസിഡന്റ് രാജേഷ് വട്ടംവാറാണ് പരാതി നൽകിയത്. 

സെപ്റ്റംബർ 19–നു നടന്ന ആഘോഷത്തിൽ ക്ഷണിക്കപ്പെട്ട 200 ഓളം പേർക്കു മാംസം ഉൾപ്പെടെയുള്ള വിഭവസമൃദ്ധമായ ഭക്ഷണമാണ് വിളമ്പിയത്. വർഷങ്ങളായി അന്ധവിശ്വാസങ്ങൾക്കെതിരെ പോരാടുന്ന ഷിൻഡെ, ശ്മശാനത്തിന് സമീപം താമസിക്കുന്ന ഗ്രാമവാസികളുടെ അന്ധവിശ്വാസം ഇല്ലാതാക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് ജന്മദിനാഘോഷം സംഘടിപ്പിച്ചത്. അന്ധവിശ്വാസങ്ങൾക്കെതിരെ പ്രവർത്തിക്കുന്ന മഹാരാഷ്ട്ര അന്തശ്രദ്ധ നിര്‍മൂലൻ സമിതിയുടെ പ്രഭാനി ജില്ലാ പ്രസിഡന്റാണ് പന്ദാരി നാഥ് ഷിൻഡെ.

പ്രേതവും ഭൂതവും പിശാചിന്റെ സാന്നിധ്യവും ഒന്നുമില്ലെന്നു ഗ്രാമീണരെ ബോധ്യപ്പെടുത്താനുളള എളിയ ശ്രമമായിരുന്നു അത്. പൊലീസും പഞ്ചായത്തും ചടങ്ങിന് അനുമതി നല്‍കിയിരുന്നു. തന്റെ ഉദ്ദേശ്യം അവിടെ പിശാചിന്റെ സാന്നിധ്യമില്ലെന്ന് ഗ്രാമീണരെ ബോധ്യപ്പെടുത്തുക മാത്രമായിരുന്നു. ബിജെപി രാഷ്ട്രീയനേട്ടത്തിനായി സംഭവത്തെ ഉപയോഗിക്കുകയാണ്– ഷിൻഡെ പറഞ്ഞു. 

പരാതി നൽകിയതിനു പിന്നാലെ ബിജെപി പ്രവര്‍ത്തകര്‍ ഗോമൂത്രവും മന്ത്രോച്ചാരണവും പ്രത്യേക പൂജയും നടത്തി ശ്മശാനം ശുദ്ധീകരിക്കുകയും ചെയ്തു.