ശബരിമല വിധിയില്‍ രാഷ്ട്രീയ വിജയം ഇടതുപക്ഷത്തിന്: യുഡിഎഫ് നിലപാട് തള്ളി

മുഖ്യമന്ത്രി പിണറായി വിജയന്‍ ശബരിമലയിലെത്തിയപ്പോൾ

തിരുവനന്തപുരം ∙ ശബരിമലയിൽ സ്ത്രീകൾക്കു പ്രവേശനം അനുവദിച്ച സുപ്രീംകോടതി വിധിയില്‍ രാഷ്ട്രീയവിജയം ഇടതുമുന്നണിക്ക്. ആചാരങ്ങളില്‍ ഇടപെടരുതെന്ന യുഡിഎഫ് നിലപാടു കോടതി തള്ളിയെങ്കിലും മുന്നണിനേതൃത്വം ഉറച്ചുതന്നെയാണ്. എന്നാല്‍ ആര്‍എസ്എസ് സ്ത്രീപ്രവേശനത്തെ അനുകൂലിക്കുമ്പോഴും വ്യക്തമായ നിലപാടെടുക്കാന്‍ പാടുപെടുകയാണു സംസ്ഥാനത്തെ ബിജെപി നേതൃത്വം. 

ശബരിമലയില്‍ നിശ്ചിത പ്രായ പരിധിയില്‍പ്പെടാത്ത സ്ത്രീകളെ പ്രവേശിപ്പിക്കുന്നതിനെ മുന്‍ യുഡിഎഫ് സര്‍ക്കാര്‍ സുപ്രീം കോടതിയിലുള്‍പ്പെടെ എതിര്‍ത്തിരുന്നു. എന്നാല്‍ ഭരണം മാറിയപ്പോള്‍ എല്‍ഡിഎഫിന്റെ നയമനുസരിച്ചു കോടതിയില്‍ നിലപാടുമാറ്റി. എല്ലാ സ്ത്രീകള്‍ക്കും പ്രവേശനം നല്‍കണമെന്ന എല്‍ഡിഎഫ് സമീപനത്തിനുള്ള അംഗീകാരമായി കോടതിവിധി. എന്നാല്‍ ഇതു നടപ്പാക്കുമ്പോഴുണ്ടാകാവുന്ന വെല്ലുവിളികളെക്കുറിച്ച് സര്‍ക്കാരിന് ആശങ്കയുമുണ്ട്. സുപ്രീംകോടതി വിധി മാനിക്കുമ്പോഴും ആചാരങ്ങളുടെ കാര്യത്തില്‍ അവസാനവാക്കു തന്ത്രികുടുംബത്തിന്റേതാണ് എന്ന യുഡിഎഫ് നിലപാട് അതേപടി തുടരുകയാണ്. ക്ഷേത്രങ്ങളുടെ നിലനില്‍പിന് ആധാരം ആചാരങ്ങളും അനുഷ്ഠാനങ്ങളുമാണെന്ന കാര്യവും ഓര്‍ക്കേണ്ടതാണെന്നു പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. 

സ്ത്രീപ്രവേശനത്തിന് അനുകൂലമായി പരസ്യനിലപാടെടുത്ത് ആര്‍എസ്എസ് നിലയുറപ്പിച്ചപ്പോള്‍പോലും വ്യക്തമായ സമീപനം കൈക്കൊള്ളാന്‍ ബിജെപിക്കു കഴിഞ്ഞിരുന്നില്ല. ആരാധനാലയങ്ങളിലെ സമാനമായ പ്രശ്നങ്ങള്‍ക്കു കോടതി ഇടപെടല്‍ സാധ്യമാക്കുന്ന സാഹചര്യം ഉരുത്തിരിയുമെന്നായിരുന്നു ആര്‍എസ്എസിന്റെ ചിന്ത. ഇക്കാര്യം രാഷ്ട്രീമായി സമ്മതിക്കാന്‍ കഴിയാത്തതുകൊണ്ട് ബിജെപി വിവാദസാധ്യതകളിലാണു ശ്രദ്ധയൂന്നിയത്. ശബരിമലയെ സംഘർഷ ഭൂമിയാക്കാൻ അനുവദിക്കില്ലെന്നും ദൈവവിശ്വാസം ഇല്ലാത്ത ഇടതു സർക്കാർ അവസരം മുതലെടുക്കാൻ ശ്രമിക്കരുതെന്നും ബിജെപി സംസ്ഥാനപ്രസിഡന്റ് പി.എസ്.ശ്രീധരന്‍പിള്ള പറഞ്ഞു. മതേതര പ്രതീകമായി നിലകൊള്ളുന്ന ശബരിമലക്ഷേത്രത്തില്‍ സുപ്രീം കോടതി വിധി സൃഷ്ടിക്കുന്ന രാഷ്ട്രീയപ്രശ്നങ്ങളും വരുംദിവസങ്ങളില്‍ വിപുലമായ ചര്‍ച്ചയ്ക്കു വഴിയൊരുക്കും.