നിംഹാൻസ് മോഡൽ ചികിൽസാ കേന്ദ്രവുമായി എക്സൈസ്

പ്രതീകാത്മക ചിത്രം

കൊച്ചി∙ മദ്യപാനവും ലഹരി ഉപയോഗവും ഇല്ലാതാക്കാൻ സഹായവുമായി എക്സൈസ് വകുപ്പ് തന്നെ രംഗത്തെത്തുന്നു. ലഹരിയിൽനിന്ന് ആളുകളെ മോചിപ്പിക്കുക എന്ന ലക്ഷ്യമിട്ട് എക്‌സൈസ് വകുപ്പിന്റെ ഡീ അഡിക്ഷന്‍ സെന്റര്‍ മൂവാറ്റുപുഴ താലൂക്ക് ആശുപത്രിയില്‍ വൈകാതെ പ്രവർത്തനം ആരംഭിക്കും. 20 കിടക്കകളുളള വാര്‍ഡാണ് ആശുപത്രിയില്‍ ഇതിനായി സജ്ജമാക്കുന്നത്.

അസിസ്റ്റന്റ് സര്‍ജന്‍, ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, മൂന്ന് സ്റ്റാഫ് നഴ്‌സുമാർ, ഒരു സൈക്യാട്രിക് സോഷ്യല്‍ വര്‍ക്കര്‍ എന്നിവരുടെ നിയമനത്തിനും നടപടിയായിട്ടുണ്ട്. ലഹരിക്കടിമപ്പെട്ടവരെ വിശദമായ കൗണ്‍സിലിങ്ങിനു വിധേയമാക്കുന്നതിനു പുറമെ ആവശ്യമെങ്കില്‍ കിടത്തി ചികിൽസയും നല്‍കും. മയക്കുമരുന്നില്‍നിന്നും മോചനം നല്‍കുന്നതിന് ബെംഗളൂരു നിംഹാന്‍സ് മാതൃകയിലുള്ള ചികിൽസാ കേന്ദ്രവും പരിഗണനയിലുണ്ട്.

വിമുക്തി പദ്ധതിയുടെ ഭാഗമായി പ്രത്യേക കൗണ്‍സിലിങ് സെന്റര്‍ ഉടനെ എറണാകുളത്തു പ്രവര്‍ത്തനം ആരംഭിക്കും. ഫോണിലൂടെയും നേരിട്ടും കൗണ്‍സിലിങ് സേവനം ലഭ്യമാകും. ടോള്‍ ഫ്രീ നമ്പരായ 14405, കൂടാതെ 9400022100, 9400033100 നമ്പരുകളില്‍ സേവനം ലഭിക്കുമെന്ന് എക്സൈസ് അറിയിച്ചു.