കെഎസ്ആർടിസിക്ക് ഗതാഗത സെക്രട്ടറിയുടെ ഉത്തരവ്; നിലപാട് കടുപ്പിച്ച് തച്ചങ്കരി

ടോമിൽ ജെ.തച്ചങ്കരി

തിരുവനന്തപുരം∙ ഗതാഗത സെക്രട്ടറിയും കെഎസ്ആര്‍ടിസി എംഡിയും തമ്മിൽ വീണ്ടും ഭിന്നത. വായ്പ തിരിച്ചടവ് ഇനത്തില്‍ കെടിഡിഎഫ്സിക്ക് കെഎസ്ആര്‍ടിസി ദിവസം മൂന്നരക്കോടി രൂപ വീതം നല്‍കണമെന്നു ചെയര്‍മാനും ഗതാഗത സെക്രട്ടറിയുമായ കെ.ആര്‍.ജ്യോതിലാല്‍ ഉത്തരവിറക്കിയതിനെ തുടർന്നാണിത്. പണം നൽകാനാവില്ലെന്നു കെഎസ്ആർടിസി എംഡി ടോമിൽ ജെ.തച്ചങ്കരി നിലപാട് എടുത്തതോടെ ഇരുവരും തമ്മിലുള്ള പോര് രൂക്ഷമായി.

ബാങ്ക് കണ്‍സോര്‍ഷ്യത്തില്‍ നിന്ന് 3100 കോടി രൂപ വായ്പയെടുത്ത വകയില്‍ 86 ലക്ഷം രൂപയാണ് ഒരു ദിവസം കെഎസ്ആർടിസി തിരിച്ചടയ്ക്കേണ്ടത്. ഇതിനായി 52 ഡിപ്പോകളില്‍ നിന്നു ദിവസവും കിട്ടുന്ന നാലരക്കോടിയോളം രൂപ നേരിട്ട് എസ്ബിഎയിലേക്കാണു പോകുന്നത്. 86 ലക്ഷം കഴിഞ്ഞുള്ള മൂന്നരക്കോടിയിലധികം രൂപ അക്കൗണ്ടിലേക്കു തിരികെ നല്‍കും. ഈ തുക ഇനി കെടിഡിഎഫ്സിക്കു നല്‍കണമെന്നാണ് കെടിഡിഎഫ്സി ചെയര്‍മാന്‍ കൂടിയായ ഗതാഗതസെക്രട്ടറി ഉത്തരവിറക്കിയിരിക്കുന്നത്.

ഒരു ദിവസം ശരാശരി ആറുകോടി രൂപയാണ് കെഎസ്ആര്‍ടിസിയുടെ വരുമാനം. നാലരക്കോടിയോളം തിരിച്ചടവ് ഇനത്തില്‍ പോയാല്‍ ഡീസല്‍ വാങ്ങാന്‍ പോലും പണമില്ലാതെ വരും. അതുകൊണ്ടുതന്നെ ഉത്തരവ് അംഗീകരിക്കില്ലെന്ന് എം.ഡി സര്‍ക്കാരിനെ അറിയിച്ചു. 480 കോടി രൂപ വായ്പയിനത്തില്‍ തിരിച്ചുനല്‍കാനുണ്ടെന്നു കെടിഡിഎഫ്സി പറയുമ്പോള്‍ ഇത്രയും തുക വാങ്ങിയിട്ടില്ലെന്നാണ് കെഎസ്ആര്‍ടിസിയുടെ വാദം.

നേരത്തേ ശമ്പളം കൊടുക്കാനായി സര്‍ക്കാര്‍ അനുവദിച്ച 20 കോടി രൂപ കെടിഡിഎഫ്സിയിലേക്ക് ഈടാക്കിക്കൊണ്ട് ജ്യോതിലാല്‍ ഇറക്കിയ ഉത്തരവ് വിവാദമായിരുന്നു. ഇതേച്ചൊല്ലി തച്ചങ്കരിയും ജ്യോതിലാലും തമ്മിലുണ്ടായ ഭിന്നതയുടെ തുടര്‍ച്ചയാണ് ഇപ്പോഴത്തെ ഉത്തരവെന്നും ആക്ഷേപമുണ്ട്.