അപേക്ഷ കിട്ടിയാൽ ബ്രൂവറിക്ക് ഇനിയും ലൈസൻസ് നൽകും: ഇ.പി. ജയരാജൻ

കണ്ണൂർ∙ നാല് മദ്യനിര്‍മാണശാലകള്‍ തുടങ്ങാന്‍ അനുമതി നല്‍കിയതില്‍ തെറ്റില്ലെന്ന് ആവര്‍ത്തിച്ച് സര്‍ക്കാര്‍. ഇനി അപേക്ഷ കിട്ടിയാലും പരിഗണിക്കുമെന്നു വ്യവസായ മന്ത്രി ഇ.പി. ജയരാജന്‍ പറഞ്ഞു. മലബാര്‍ ബ്രൂവറിക്ക് അനുമതി നല്‍കിയത് ആന്‍റണി സര്‍ക്കാരാണെന്നും പ്രതിപക്ഷ നേതാവ് സംശയം ചോദിക്കേണ്ടത് ആന്‍റണിയോടാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

1999ല്‍ നിര്‍ത്തിവച്ച ബ്രൂവറി അനുമതി കേരളത്തില്‍ പുനരാരംഭിച്ചത് എ.കെ. ആന്റണിയാണെന്ന് എക്സൈസ് വകുപ്പ് രമേശ് ചെന്നിത്തലയ്ക്കു നൽകിയ മറുപടിയിൽ പറഞ്ഞിരുന്നു. ഇപ്പോള്‍ നാല് കേന്ദ്രങ്ങള്‍ക്കും നല്‍കിയത് തത്വത്തിലുള്ള അനുമതിയാണെന്നും അത് ഉപയോഗിച്ച് മദ്യം ഉല്‍പാദിപ്പിക്കാനാവില്ലെന്നും വകുപ്പ് വിശദീകരിക്കുന്നു.

ബ്രൂവറിയും ഡിസ്റ്റലറിയും അനുവദിച്ചതില്‍ എക്സൈസ് മന്ത്രി ടി.പി. രാമകൃഷ്ണനോടു പത്തു ചോദ്യങ്ങളുന്നയിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയിരുന്നു. അതിനുള്ള മറുപടിയെന്ന നിലയിലാണു മന്ത്രിയുടെ ഓഫിസ് വിശദീകരണകുറിപ്പു പുറത്തിറക്കിയത്. 1999ല്‍ ഇ.െക. നായനാര്‍ സര്‍ക്കാര്‍ നിര്‍ത്തലാക്കിയ ബ്രൂവറി അനുമതി ആരുടെ നിര്‍ദേശപ്രകാരമാണു പുനരാരംഭിച്ചതെന്നാണു പ്രതിപക്ഷ നേതാവിന്റെ ആദ്യ ചോദ്യം. 2003ലെ എ.കെ. ആന്റണി സര്‍ക്കാരാണു പുനരാരംഭിച്ചതെന്നാണു മന്ത്രിയുടെ മറുപടി. 98ല്‍ നായനാര്‍ സര്‍ക്കാര്‍ മലബാര്‍ ബ്രൂവറീസ് ലിമിറ്റഡിനു തത്വത്തിലുള്ള അംഗീകാരമാണു നല്‍കിയത്.

തത്വത്തിലുള്ള അംഗീകാരം റദ്ദാക്കാമെന്നിരിക്കെ പിന്നീട് അഞ്ച് വര്‍ഷം കഴിഞ്ഞ് 2003ല്‍ എ.കെ. ആന്റണി സര്‍ക്കാരാണ് ഈ കമ്പനിക്കു മദ്യോല്‍പാദനം തുടങ്ങാന്‍ സാധിക്കുന്ന ലൈസന്‍സ് നല്‍കിയത്. ഇത് ആരുടെ നിര്‍ദേശപ്രകാരമാണെന്നു രമേശ് ചെന്നിത്തല എ.കെ. ആന്റണിയോടു തന്നെ ചോദിക്കണമെന്നാണു മറുപടി. അതിന്റെ ഉത്തരവു പുറത്തുവിടാമോയെന്ന ചോദ്യത്തിനും ആന്റണിയോടു ചോദിച്ചു സംശയം മാറ്റാനും മറുപടിയിൽ പറയുന്നു.