ഭൂമി വിവാദവും വൈദിക പീഡനവും സഭയെ ബാധിച്ചു: ഖേദം പ്രകടിപ്പിച്ച് ബിഷപ് മാർ കുര്യാക്കോസ്

ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര

ന്യൂഡൽഹി∙ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ കന്യാസ്ത്രീകൾ നടത്തിയ സമരത്തെ പിന്തുണച്ച് ബിഷപ് മാർ കുര്യാക്കോസ് ഭരണികുളങ്ങര. സഭ നീതിക്കായി തെരുവിലിറങ്ങുന്നത് ആദ്യമായിട്ടല്ല. ഭൂമി വിവാദം, വൈദികരുടെ പീഡനങ്ങൾ തുടങ്ങിയവ സഭയുടെ സൽപ്പേരിനെ ബാധിച്ചു. ഇതിൽ ഖേദിക്കുന്നു. വിശ്വാസികൾക്ക് ക്ഷതമേറ്റിട്ടുണ്ടെങ്കിൽ പരസ്യമായി മാപ്പു ചോദിക്കുന്നുവെന്നും ബിഷപ് പറഞ്ഞു. ഡൽഹിയിൽ സാന്തോം ബൈബിൾ കൺവെൻഷനിൽ സംസാരിക്കുകയായിരുന്നു ഭരണികുളങ്ങര.

സഭയിൽനിന്ന് കന്യാസ്ത്രീകൾക്കെതിരെ വിമർശനങ്ങൾ ഉയരുന്നതിനിടെയാണ് പിന്തുണയുമായി ബിഷപ് തന്നെ രംഗത്തെത്തുന്നത്. സമരത്തിനിറങ്ങിയതു മുതൽ സ്വന്തം സന്യാസിനിസഭയായ മിഷനറീസ് ഓഫ് ജീസസിൽനിന്നും വൈദികരിൽനിന്നും വൻ വിമർശനമാണു കന്യാസ്ത്രീകൾക്കെതിരെ ഉയർന്നത്. എന്നാൽ പിന്തുണയുമായും ആയിരങ്ങൾ സമരപ്പന്തലിലെത്തിയിരുന്നു.