മണല്‍ലോറി‘ക്കോഴ’; പൊലീസില്‍ കൂട്ടനടപടിക്ക് ശുപാര്‍ശ: 36 പേര്‍ക്ക് കുരുക്ക് ഇതാദ്യം

മണൽകടത്തുകാരിൽ നിന്നു പൊലീസ് ഉദ്യോഗസ്ഥർ പണം കൈപ്പറ്റുന്നതിന്റെ ദൃശ്യങ്ങൾ.

കാസർകോട് ∙ മണൽകടത്തുകാരിൽനിന്ന് പണംപറ്റുന്ന പൊലീസുകാർക്കെതിരെ കൂട്ടത്തോടെ നടപടിക്ക് ശുപാർശ. കാസർകോട് ജില്ലയിലെ 36 പേർക്കെതിരെ കേസെടുത്ത് അന്വേഷണം നടത്താനാണ് സ്പെഷ്യല്‍ ബ്രാഞ്ചിന്റെ റിപ്പോര്‍ട്ട്. സ്പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി അയച്ച റിപ്പോര്‍ട്ടിന്റെ പകര്‍പ്പ് മനോരമ ന്യൂസിന് ലഭിച്ചു.

അതിർത്തി കടന്നെത്തുന്ന മണൽ ലോറികളിൽനിന്ന് പൊലീസുകാര്‍ പണംപറ്റുന്നത് മനോരമന്യൂസാണ് ദൃശ്യങ്ങള്‍ സഹിതം പുറത്തുവിട്ടത്. ഇതിന്റെ അടിസ്ഥാനത്തിലാണ് അന്വേഷണവും നടപടി ശുപാര്‍ശയും. പൊലീസിൽ ആദ്യമായാണ് ഇത്രയധികം പേർക്കെതിരെ ഒന്നിച്ച് നടപടി എടുക്കേണ്ട സാഹചര്യം ഉണ്ടാകുന്നത്.

ജൂലൈ 6, 7 തീയതികളില്‍ മനോരമ ന്യൂസ് തുടർച്ചയായി നൽകിയ ഈ വാർത്തകൾക്ക് പിന്നാലെ പൊലീസ് സ്‌പെഷ്യൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി. പ്രാഥമികറിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എസ്‌ഐ അടക്കം മൂന്ന് പൊലീസുകാരെ സസ്പെന്‍ഡ് ചെയ്തു. പിന്നീട് നടന്ന വിശദമായ അന്വേഷണത്തിലാണ് 33 പേരുടെ കൂടി പങ്ക് കണ്ടെത്തിയത്.

മണൽ ലോറികൾ അതിർത്തി കടന്ന് ആദ്യം എത്തുന്ന മഞ്ചേശ്വരം മുതൽ ചെറുവത്തൂര്‍വരെ നിരത്തിൽ ഉണ്ടായിരുന്ന പൊലീസ് വാഹനങ്ങളുടെ കണക്കെടുത്തു. സ്റ്റേഷൻ വാഹനങ്ങൾ മുതൽ പട്രോൾ വാഹനങ്ങൾ വരെയുള്ളവയില്‍ സംഭവദിവസം ഡ്യൂട്ടിയിൽ ഉണ്ടായിരുന്നവരെ തിരിച്ചറിഞ്ഞു. ലോറികളിൽനിന്ന് ഇവര്‍ പണം കൈപ്പറ്റിയതായി മനോരമ ന്യൂസ് ദൃശ്യങ്ങള്‍ തെളിയിച്ചു.

ഇങ്ങനെ അഴിമതിയില്‍ നേരിട്ട് ഇടപെട്ട 36 പേരുടെ പട്ടിക ജില്ലാ സ്‌പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ തയ്യാറാക്കി. ഇവർക്കെതിരെ പൊലീസിന് നേരിട്ട് കേസെടുത്ത് അന്വേഷിക്കാമെന്ന് ഡിവൈഎസ്പി പി.ജോതികുമാര്‍ ശുപാർശ ചെയ്തു. കൈക്കൂലി ചോദിച്ചുവാങ്ങിയെന്ന് വ്യക്തമായ സാഹചര്യത്തില്‍ കേസ് വിജിലൻസിന് കൈമാറാം. പട്ടികയിലുള്ള 36 പേരെ ഇപ്പോൾ ജോലിചെയ്യുന്ന സ്ഥലങ്ങളിൽനിന്ന് മാറ്റണം. ഉചിതമായ വകുപ്പുതല നടപടികൾ സ്വീകരിക്കേണ്ടതാണെന്നും ഡിവൈഎസ്പിയുടെ റിപ്പോര്‍ട്ടില്‍ ശുപാര്‍ശ ചെയ്യുന്നു.