കോണ്‍ഗ്രസ് രാജ്യത്തെ സൈനികരെ പോലും നിന്ദിക്കുന്നു: നരേന്ദ്ര മോദി

നരേന്ദ്ര മോദി രാജസ്ഥാനില്‍

അജ്മേര്‍∙ കോണ്‍ഗ്രസിനെതിരേ അതിരൂക്ഷ വിമര്‍ശനം അഴിച്ചുവിട്ടു പ്രധാനമന്ത്രി നരേന്ദ്ര മോദി. രാജസ്ഥാനില്‍ മുഖ്യമന്ത്രി വസുന്ധരെ രാജെ സിന്ധ്യ നടത്തിയ 'രാജസ്ഥാന്‍ ഗൗരവ് യാത്ര'യുടെ സമാപന റാലിയില്‍ സംസാരിക്കുകയായിരുന്നു മോദി. സംസ്ഥാന സര്‍ക്കാരിന്റെ നേട്ടങ്ങള്‍ അക്കമിട്ടു നിരത്തിയതിനു ശേഷമാണ് മോദി കോണ്‍ഗ്രസിനെതിരേ തിരിഞ്ഞത്. നമ്മുടെ സൈനികരെക്കുറിച്ചും മിന്നലാക്രമണത്തെക്കുറിച്ചും അഭിമാനിക്കാത്ത ഒറ്റ ഇന്ത്യക്കാരന്‍ പോലും ഉണ്ടാകില്ല. എന്നാല്‍ കോണ്‍ഗ്രസ് നമ്മുടെ ജവാന്‍മാരെ പോലും നിന്ദിക്കുകയാണെന്നു മോദി പറഞ്ഞു.

കോണ്‍ഗ്രസിന്റെ വോട്ട് ബാങ്ക് രാഷ്ട്രീയമാണു രാജ്യത്തെ തകര്‍ത്തതെന്നും അത്തരക്കാരെ ഒരു സംസ്ഥാനത്തും അധികാരത്തിലെത്തിക്കരുതെന്നും മോദി പറഞ്ഞു. ഇവര്‍ അധികാരത്തിലെത്തിയാല്‍ രാഷ്ട്രീയത്തെ മാത്രമല്ല ആകെ സംവിധാനത്തെ തന്നെ അതു നശിപ്പിക്കും. തങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കത്തക്ക തരത്തില്‍ അവര്‍ ഉദ്യോഗസ്ഥരെയും വിഭജിക്കും. ഇതു പൂര്‍ണ ഭരണപരാജയത്തിനിടയാക്കും- മോദി വ്യക്തമാക്കി.

ആരോഗ്യപരമായ ജനാധിപത്യത്തില്‍ ശക്തമായ പ്രതിപക്ഷം അനിവാര്യമാണ്. എന്നാല്‍ ദൗര്‍ഭാഗ്യവശാല്‍ നമുക്കുള്ളത് 60 വര്‍ഷം ഭരണത്തിലും ഇപ്പോള്‍ പ്രതിപക്ഷത്തും പൂര്‍ണ പരാജയമാണെന്നു തെളിയിച്ച കുറേ ആളുകളാണ്. കോണ്‍ഗ്രസ് നേതാക്കള്‍ ഒരു കുടുംബത്തെ സേവിക്കുന്ന തിരക്കിലാണ്. അതുകൊണ്ടു തന്നെ അവര്‍ക്കു സംസ്ഥാനത്തിന്റെ താല്‍പര്യങ്ങളോ ജനങ്ങളുടെ ആവശ്യങ്ങളോ അഭിസംബോധന ചെയ്യാന്‍ സമയം ലഭിക്കുന്നില്ല. വിഭാഗീയതയുടെ രാഷ്ട്രീയമല്ല മറിച്ച് അഖണ്ഡതയുടെ നയമാണു ബിജെപിയുടേത്. രാജ്യത്തിനു ഞാന്‍ പ്രധാനമന്ത്രിയായിരിക്കാം പക്ഷെ ബിജെപിക്കു ഞാന്‍ സാധാരണ പാര്‍ട്ടി പ്രവര്‍ത്തകനാണ്. ബൂത്തുതല യോഗത്തിനു ക്ഷണിച്ചാല്‍ പോലും അവിടെ എത്തിയിരിക്കുമെന്നും മോദി പറഞ്ഞു.