ഒപ്റ്റിക്കൽ ഫൈബർ കേബിൾ മുറിഞ്ഞു: ശബരിമലയും പമ്പയിലും ഇന്റർനെറ്റ് സേവനം നിലച്ചു

പ്രതീകാത്മക ചിത്രം

പത്തനംതിട്ട∙ റോഡുപണിക്കിടെ ബിഎസ്എൻഎല്ലിന്റെ ഒപ്റ്റിക്കൽ ഫൈബർ കേബിൾ മുറിഞ്ഞതോടെ പമ്പയിലും ശബരമലയിലും സന്നിധാനത്തും ഇന്റർനെറ്റ് സേവനം മുടങ്ങി. പമ്പ, ശബരിമല ടെലഫോൺ എക്സ്ചേഞ്ചുകളുടെയും പ്രവർത്തനം നിലച്ചു. നിലവിൽ പമ്പയിലും സന്നിധാനത്തും ഇന്റർസേവനം നൽകുന്നത് ബിഎസ്എൻഎൽ മാത്രമാണുതാനും.

നിലയ്ക്കലിനും പ്ലാപ്പള്ളിയും ഇടയിൽ ഒപ്റ്റിക്കൽ ഫൈബർ കേബിളുകൾ അഞ്ചിടത്തു മുറിഞ്ഞത്. ഇൗ പ്രദേശത്ത് പ്രളയ സമയത്ത് റോഡ് തകർന്നതിനാൽ പിഡബ്ല്യൂഡി റോഡ് വിഭാഗത്തിന്റെ നിർമാണപ്രവർത്തനങ്ങൾ നടക്കുകയാണ്. ഇതിനിടെയാണ് കേബിളുകൾ തകർന്നത്.

ശബരിമല സ്ത്രീ പ്രവേശം സംബന്ധിച്ചുണ്ടായ കോടതി വിധിയുടെ പശ്ചാത്തലത്തിൽ ഒരു ഭാഗത്ത് സമരവും മറുഭാഗത്ത് സർക്കാർ സ്ത്രീകൾക്കു വേണ്ട സംവിധാനങ്ങൾ നൽകുന്നതിന് ഒരുക്കങ്ങളുമായി മുന്നോട്ടുപോകുമ്പോൾ ഇന്റർനെറ്റ് – ഫോൺ സേവനം ഇല്ലാതായത് അധികൃതരെ ബുദ്ധിമുട്ടിലാക്കി.