സെക്രട്ടേറിയറ്റില്‍ ഗ്രൂപ്പ് വഴക്ക്, പ്രോട്ടോകോള്‍ ഓഫിസറെ മാറ്റി

തിരുവനന്തപുരം∙ സംസ്ഥാന പ്രോട്ടോകോള്‍ ഓഫിസറും പൊതുഭരണ വകുപ്പിലെ ജോയിന്റ് സെക്രട്ടറിയുമായ ഷൈന്‍ എ. ഹക്കിനെ സ്ഥലം മാറ്റി. പൊതുഭരണവകുപ്പിലെ മറ്റൊരു സെക്‌ഷനിലേക്കാണു സ്ഥലം മാറ്റിയത്. ജോയിന്റ് സെക്രട്ടറി സുനില്‍കുമാറിനാണു പകരം ചുമതല നല്‍കിയിരിക്കുന്നത്. ഇതു സംബന്ധിച്ച ഉത്തരവു പുറത്തിറങ്ങി.

സംസ്ഥാനത്തെ ചീഫ് പ്രോട്ടോകോള്‍ ഓഫിസര്‍ ചീഫ് സെക്രട്ടറിയാണ്. അതിനു താഴെ പൊതു ഭരണവകുപ്പിലെ സുപ്രധാന തസ്തികയാണ് സംസ്ഥാന പ്രോട്ടോകോള്‍ ഓഫിസറുടേത്. കേന്ദ്രത്തില്‍നിന്നു വിവിഐപികളും വിഐപികളും സംസ്ഥാനത്തെത്തുമ്പോള്‍ പ്രോട്ടോകോള്‍ തീരുമാനിക്കുന്നതും അവരുടെ പരിപാടികള്‍ കോഓര്‍ഡിനേറ്റ് ചെയ്യുന്നതും പ്രോട്ടോകോള്‍ ഓഫിസറാണ്. ചടങ്ങില്‍ പങ്കെടുക്കുന്ന വിശിഷ്ടാതിഥികള്‍ എവിടെ ഇരിക്കണം, ചടങ്ങിന്റെ ആദ്യാവസാനമുള്ള കാര്യങ്ങള്‍ മുന്‍കൂട്ടി തയാറാക്കല്‍ തുടങ്ങിയവയെല്ലാം ഈ ഓഫിസറുടെ ചുമതലയാണ്. സംസ്ഥാന സര്‍ക്കാരിന്റെ പ്രധാന ചടങ്ങുകളുടെ ചുമതലയും പ്രോട്ടോകോള്‍ ഓഫിസറിനുണ്ട്.

സെക്രട്ടേറിയറ്റിലെ ഭരണപക്ഷ സംഘടനാ നേതാക്കള്‍ക്കിടയിലെ ഗ്രൂപ്പ് വഴക്കാണു സ്ഥലംമാറ്റത്തിനു പിന്നിലെന്നാണു ലഭിക്കുന്ന വിവരം. എന്നാല്‍ പൊതുഭരണവകുപ്പിലെ ഉന്നത ഉദ്യോഗസ്ഥര്‍ ഇക്കാര്യം നിഷേധിക്കുന്നു. ഭരണപക്ഷ സംഘടനയിലെ ഒരു നേതാവുമായി അടുപ്പമുള്ളയാളാണു ഷൈൻ‍. സംഘടനാ കാര്യങ്ങളില്‍ ഈ നേതാവിനെ പരസ്യമായി പിന്തുണച്ചിരുന്നു. ഇതേത്തുടര്‍ന്നു മറുപക്ഷം ഷൈനിനെ നീക്കണമെന്നു മുഖ്യമന്ത്രിയുടെ ഓഫിസിനോട് ആവശ്യപ്പെട്ടു. ഉദ്യോഗസ്ഥരെ കാരണമില്ലാതെ മാറ്റാനാകില്ലെന്ന നിലപാടിലായിരുന്നു മുഖ്യമന്ത്രിയുടെ ഓഫിസ്. എന്നാല്‍ ഒരു വിഭാഗം നേതാക്കള്‍ സമ്മര്‍ദം ശക്തമാക്കിയതോടെയാണു സ്ഥലം മാറ്റിയത്.