അന്വേഷണ ഫലം കാത്തിരിക്കുന്നു; ബിഷപ് ഫ്രാങ്കോയുടെ കേസ് മാർപാപ്പയുടെ പരിഗണനയിൽ

ന്യൂഡൽഹി∙ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കേസ് ഫ്രാൻസിസ് മാര്‍പാപ്പ നിരീക്ഷിച്ചുവരികയാണെന്നു കാത്തലിക് ബിഷപ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സിബിസിഐ). പൊലീസ് അന്വേഷണത്തിന്റെ ഫലം അറിയാന്‍ കാത്തിരിക്കുകയാണ്. വത്തിക്കാന്‍ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയ ഇന്ത്യയിലെ കര്‍ദിനാള്‍മാരെയാണ് ഇക്കാര്യം അറിയിച്ചത്. ബിഷപിന്റെ അറസ്റ്റിനുശേഷമുളള സാഹചര്യം കര്‍ദിനാള്‍മാര്‍ വത്തിക്കാനെ അറിയിച്ചു.

വത്തിക്കാനില്‍ നടക്കുന്ന സിനഡിനിടെയാണു മാര്‍ ജോര്‍ജ് ആലഞ്ചേരി, മാര്‍ ബസേലിയോസ് ക്ലിമ്മീസ് കാതോലിക്ക ബാവ, സിബിസിഐ അധ്യക്ഷന്‍ ഡോ. ഒസ്വാള്‍ഡ് ഗ്രേഷ്യസ് എന്നിവര്‍ ചര്‍ച്ച നടത്തിയത്. വത്തിക്കാന്‍ സെക്രട്ടറി ഓഫ് സ്റ്റേറ്റ് കര്‍ദിനാള്‍ പിയെത്രോ പരോളിന്‍ അടക്കം മൂന്ന് കര്‍ദിനാള്‍മാരുമായിട്ടായിരുന്നു ചര്‍ച്ച. കേസിന്റെ സ്ഥിതി വത്തിക്കാനെ അറിയിച്ചു. മാര്‍പാപ്പ സംഭവവികാസങ്ങള്‍ സൂക്ഷ്മായി നിരീക്ഷിക്കുന്നതായും പൊലീസ് അന്വേഷണത്തിന്റെ ഫലത്തിനായി കാക്കുകയാണെന്നും വത്തിക്കാന്‍ പ്രതിനിധികള്‍ അറിയിച്ചു.

ഇന്ത്യന്‍ നിയമസംവിധാനങ്ങളിലുളള വിശ്വാസം വത്തിക്കാനെ അറിയിച്ചെന്നും സത്യം പൂര്‍ണമായി പുറത്തുവരുമെന്നു കരുതുന്നതായും വത്തിക്കാനെ അറിയിച്ചെന്നു സിബിസിഐ വാര്‍ത്താ കുറിപ്പില്‍ വ്യക്തമാക്കി. ഇന്ത്യയിലെ വിശ്വാസികള്‍ക്കൊപ്പമാണു തങ്ങളുടെ മനസെന്നും കേസുമായി ബന്ധപ്പെട്ട എല്ലാവര്‍ക്കും വേണ്ടി പ്രാർഥിക്കുന്നതായും കര്‍ദിനാള്‍ ഒസ്വാള്‍ഡ് ഗ്രേഷ്യസ് വ്യക്തമാക്കുന്നു. യുവാക്കള്‍ക്കായി നടക്കുന്ന സിനഡ് സഭയില്‍ പുതുജീവനും ശക്തിയും കൊണ്ടുവരുമെന്ന പ്രത്യാശയും സിബിസിഐ പങ്കുവയ്ക്കുന്നു.