പ്രളയത്തിനു പിന്നിൽ കാലാവസ്ഥാ മാറ്റം: ഇത് അവസാന മുന്നറിയിപ്പ്; നടപടി എടുക്കണം

പത്തനംതിട്ട∙ ഓഗസ്റ്റ് 15 മുതൽ ഉണ്ടായ, കേരള ചരിത്രത്തിലെ ഏറ്റവും വലിയ പ്രളയത്തിനു പിന്നിലും കാലാവസ്ഥാ മാറ്റത്തിന്റെ കാണാക്കരങ്ങളെന്നു ന്യൂഡൽഹി ആസ്ഥാനമായ സെന്റർ ഫോർ സയൻസ് ആൻഡ് എൻവയൺമെന്റിന്റെ (സിഎസ്ഇ) വിലയിരുത്തൽ. കാലാവസ്ഥാമാറ്റം സംബന്ധിച്ച് ഐക്യരാഷ്ട്രസംഘടനയുടെ കീഴിലുള്ള കാലാവസ്ഥാ മാറ്റ പഠന സമിതിയായ ഇന്റർഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച് (ഐപിസിസി) ദക്ഷിണ കൊറിയയിലെ ഇഞ്ചിയോണിൽ കഴിഞ്ഞ ദിവസം പുറത്തുവിട്ട റിപ്പോർട്ടിനെപ്പറ്റിയുള്ള വിലയിരുത്തലിലാണ് സിഎസ്ഇ കേരളത്തിലെ പ്രളയത്തിനുപിന്നിലും കാലാവസ്ഥാമാറ്റമാണെന്ന മുന്നറിയിപ്പു നൽകിയത്.

റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇന്ത്യയും കേരളം പോലെയുള്ള സംസ്ഥാനങ്ങളും ചെയ്യേണ്ട കാര്യങ്ങളെപ്പറ്റി സിഎസ്ഇ പല നിർദേശങ്ങളും നൽകുന്നു. പ്രളയത്തിനു ശേഷം നവകേരളം നിർമിക്കാനൊരുങ്ങുന്ന കേരളത്തിലെ ജനങ്ങൾക്ക് ഇതിൽനിന്നു ചിലതൊക്കെ സ്വീകരിക്കാം.

മുന്നറിയിപ്പുകൾ

ആഗോള താപനില 1.5 ഡിഗ്രിയിൽ കൂടാതെ കാക്കണം. ഇന്ത്യയിലെ താപനില ഇപ്പോൾ തന്നെ 1.2 ഡിഗ്രി വർധിച്ചു. 2030 ആകുമ്പോഴേക്കും 1.5 ഡിഗ്രിയിൽ വർധന പിടിച്ചു നിർത്താനായില്ലെങ്കിൽ കൂടുതൽ രൂക്ഷമായ പ്രളയവും വേനലും വരും. ജപ്പാനിലെ പ്രളയം, യൂറോപ്പിലെയും ചൈനയിലെയും വരൾച്ച, യുഎസിലെ കാട്ടുതീ എന്നിവ കേരളത്തിലെ പ്രളയത്തിന് അനുബന്ധമായി കാണണം. രണ്ടു ഡിഗ്രി വരെ ചൂടു കൂടിയാൽ സ്ഥിതി വഷളാകും. ഇപ്പോഴത്തെ സ്ഥിതിയിൽ പോയാൽ ചൂട് അതിവേഗം വർധിക്കുമെന്ന് ഉറപ്പ്. ഈ നൂറ്റാണ്ടിന്റെ അവസാന ദശകങ്ങൾക്കു മുമ്പു തന്നെ കേരളത്തിലേത് ഉൾപ്പെടെ പല കടലോര നഗരങ്ങളിലും കടലേറ്റം മൂലം ജീവിക്കാൻ കഴിയാതാകും.

പ്രതീകാത്മക ചിത്രം

ചൂട് കൂടിയാൽ

രൂക്ഷമായ പ്രളയം, കാട്ടുതീ, കടുത്ത വരൾച്ച, ജലക്ഷാമം, മണ്ണൊലിപ്പ്, കാർഷിക നഷ്ടം, കടൽ അമ്ലത്വ വർധന, പവിഴപ്പുറ്റുകളുടെയും മൽസ്യസമ്പത്തിന്റെയും നാശം, പകർച്ചവ്യാധികളുടെ വ്യാപനം, പുതിയ തരം രോഗങ്ങൾ.

പരിഹാരം

∙ ഫോസിൽ ഇന്ധനങ്ങളായ പെട്രോൾ—ഡീസൽ ഉപയോഗം കുറച്ച് ബദൽ ഊർജമാർഗങ്ങൾ തേടുക
∙ ധൂർത്തും ആർഭാടവും കുറച്ച് പ്രകൃതിയോട് ഇണങ്ങി ജീവിക്കുക
∙ അന്ധമായ വികസന നിർമാണ പ്രവൃത്തികൾക്കു പകരം വരും തലമുറയെക്കൂടി കരുതിയുള്ള സുസ്ഥിര വികസന മാതൃക പിന്തുടരുക
∙ കാർബൺ പുറന്തള്ളൽ (കാർബൺ ഫുട്പ്രിന്റ്) കുറയ്ക്കുക
∙ കൂടുതൽ വനം വച്ചുപിടിപ്പിച്ച് കാർബൺ വലിച്ചെടുക്കലിന് വഴിയൊരുക്കുക.

തിരിച്ചടി

ആഗോള താപനം 1.5 ഡിഗ്രിയിൽ കൂടാതെ പിടിച്ചു നിർത്താനുള്ള പാരിസ് കരാറിൽനിന്ന് യുഎസ് പിൻവാങ്ങുകയും കൂടുതൽ പെട്രോളും കൽക്കരിയും ഉപയോഗിക്കുമെന്നു ഭീഷണിപ്പെടുത്തുകയും ചെയ്യുന്നത് തിരിച്ചടിയാണ്. ഇപ്പോൾത്തന്നെ ആഗോള താപനില വ്യവസായ യുഗത്തെ അപേക്ഷിച്ച് 1 ഡിഗ്രി വർധിച്ചു. ഇത് 1.5 ഡിഗ്രി ആകുന്നതോടെ കേരളം നേരിട്ടതുപോലെയുള്ള അസാധാരണ പ്രളയങ്ങളും മറ്റും ഓരോ വർഷവും രൂക്ഷമാകും. 2 ഡിഗ്രി ആകുന്നതോടെ ഇന്ത്യയിലെ പല പട്ടണങ്ങളും കടലേറും. കൃഷിയും മൽസ്യബന്ധനവും അസാധ്യമാകും.

പാരിസ് കാലാവസ്ഥാ കരാറിൽനിന്ന് യുഎസ് പിൻവാങ്ങിയ സാഹചര്യത്തിൽ ലോകരാജ്യങ്ങൾ മറ്റൊരു കരാറിനെപ്പറ്റി ചിന്തിക്കേണ്ടിയിരിക്കുന്നു. ഇല്ലെങ്കിൽ ഭൂമിയുടെ ഭാവി അപകടത്തിലാവുമെന്ന് ന്യൂഡൽഹി സിഎസ്ഇ ഡയറക്ടർ സുനിതാ നാരായൺ പറയുന്നു. പോളണ്ടിൽ അടുത്ത മാസം നടക്കുന്ന ആഗോള കാലാവസ്ഥാ ഉച്ചകോടിയിൽ ചർച്ച ചെയ്യാനാണ് ഐപിസിസി റിപ്പോർട്ട് തയാറാക്കിയത്.

പ്രതീകാത്മക ചിത്രം

ഇത് അവസാന മുന്നറിയിപ്പ്; നടപടി എടുക്കണം

ഇത് ഭൂമിയെ രക്ഷിക്കാനുള്ള അവസാന മുന്നറിയിപ്പ്. ഇനി മുന്നിലുള്ളത് ഏകദേശം 12 വർഷം മാത്രം- ലോകരാഷ്ട്രങ്ങൾക്കുള്ളതാണ് കാലാവസ്ഥാ ശാസ്ത്രജ്ഞരുടെ ഈ മരണമണി. ഇതുവരെയും കണ്ടിട്ടില്ലാത്ത തരം വെള്ളപ്പൊക്കങ്ങളും മറ്റു കാലാവസ്ഥാ വ്യതിയാനങ്ങളും സൃഷ്ടിക്കുന്ന പ്രളയാഗ്നിപരീക്ഷകളിൽനിന്നു ഭൂമിയെ കരകയറ്റി രക്ഷിക്കാനുള്ള അവസാന പരിശ്രമത്തിനു സമയം അതിക്രമിച്ചുവെന്നും ഉണർന്നു പ്രവർത്തിച്ചില്ലെങ്കിൽ ഇനി ഒന്നും ചെയ്യാനില്ലാത്ത സ്ഥിതി വൈകാതെ സംജാതമാകുമെന്നും അവർ പറയുന്നു. കാർബൺ പുറന്തള്ളൽ കുറച്ച് ലോകരാജ്യങ്ങൾ പരിസ്ഥിതി സൗഹൃദ ജീവിതരീതികളിലേക്കു തിരികെ വന്നില്ലെങ്കിൽ വരാനിരിക്കുന്നത് വൻ പ്രകൃതിക്ഷോഭങ്ങളും ദുരന്തങ്ങളുമെന്ന് ഐപിസിസി മുന്നറിയിപ്പു നൽകുന്നു. ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നത് ഇന്ത്യയെപ്പോലുള്ള വികസ്വര രാജ്യങ്ങളെ ആയിരിക്കും.

40 രാജ്യങ്ങളിൽ നിന്നുള്ള 90 വിദഗ്ധരാണ് ആഗോള കാലാവസ്ഥാ റിപ്പോർട്ട് തയാറാക്കിയത്. ഇന്ത്യയിൽനിന്ന് പരിസ്ഥിതി കാലാവസ്ഥാ മാറ്റ മന്ത്രാലയം, ഭൗമമന്ത്രാലയം, ടാറ്റാ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ സയൻസ് തുടങ്ങിയവയുടെ പ്രതിനിധികൾ റിപ്പോർട്ടിന്റെ പ്രകാശനചടങ്ങിൽ പങ്കെടുത്തു.

ഇത് ശരിക്കും ഇന്ത്യയ്ക്കുള്ള മുന്നറിയിപ്പാണെന്നാണ് റിപ്പോർട്ടിനെപ്പറ്റി ന്യൂഡൽഹി ആസ്ഥാനമായ സെന്റർ ഫോർ സയൻസ് ആൻഡ് എൻവയൺമെന്റ് (സിഎസ്ഇ) മേധാവി സുനിതാ നാരായണും സിഎസ്ഇയുടെ കാലാവസ്ഥാമാറ്റ പഠന വിഭാഗത്തിനു നേതൃത്വം നൽകുന്ന ചന്ദ്രഭൂഷണും വ്യക്തമാക്കിയത്. മൂന്നു വശങ്ങളിലും കടലും ഒരു വശത്ത് ഹിമാവൃതമായ പർവതവും അതിരിടുന്ന രാജ്യമായതിനാൽ ഇന്ത്യയ്ക്കു നേരേയുള്ള കാലാവസ്ഥാ മാറ്റ ഭീഷണിയുടെ തോത് കൂടുതലാണ്.

യുഎസും ചൈനയും കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ കാർബൺ പുറന്തള്ളുന്ന രാജ്യമെന്ന നിലയിലാണ് ഇന്ത്യ ഇതിനു മുൻകൈയെടുക്കേണ്ടതെന്ന് സുനിതാ നാരായൺ വ്യക്തമാക്കി. ഇല്ലെങ്കിൽ ലോകം ചുടുനീർക്കുടമായിമാറും. ഐപിസിസി റിപ്പോർട്ടിലെ മുന്നറിയിപ്പ് അതാണ്. ലോകത്തിന്റെ ശരാശരി താപനില 1.5 ഡിഗ്രിയിൽ കൂടാതെ പിടിച്ചു നിർത്തിയില്ലെങ്കിൽ വരാനിരിക്കുന്നത് വൻ കാലാവസ്ഥാ മാറ്റമായിരിക്കും. പേമാരിയുടെയും പ്രളയത്തിന്റെയും വറുതിയുടെയും രൂപത്തിലെത്തി കൃഷിനാശവും ഭക്ഷ്യപ്രതിസന്ധിയും പോഷകാഹാരക്കുറവും പട്ടിണിയും കൂട്ടമരണവും സമ്മാനിക്കുന്നതാണ് കാലാവസ്ഥാ മാറ്റം. അത് നമുക്കിടയിൽ ഇപ്പോൾ തന്നെ ആരംഭിച്ചു കഴിഞ്ഞുവെന്നും ഒരു നിമിഷം പോലും വൈകാതെ നടപടി എടുത്തില്ലെങ്കിൽ 2030 ആകുമ്പോഴേക്കും ലോകത്തിന്റെ ചിത്രം മറ്റൊന്നാവുമെന്നുമാണ് ഐപിസിസിയുടെ ഏറ്റവും ഒടുവിലത്തെ റിപ്പോർട്ട് അതിനാവുന്ന ഭാഷയിൽ ഗൗരവത്തോടെ പറയുന്നത്.

എന്താണ് ഐപിസിസി

ഇന്റർ ഗവൺമെന്റൽ പാനൽ ഓൺ ക്ലൈമറ്റ് ചേഞ്ച് ആണ് ഐപിസിസി. ലോകത്തെ കാലാവസ്ഥാ മാറ്റത്തിൽനിന്നു രക്ഷിക്കാനായി 1988 ൽ ഐക്യരാഷ്ട്ര സംഘടനയുടെ കീഴിൽ ലോകത്തിലെ മിക്ക രാജ്യങ്ങളുടെയും അംഗത്വത്തോടെ നിലവിൽ വന്ന ഔദ്യോഗിക ആഗോള ശാസ്ത്രസംഘടന. ലോകത്തിലെ 198 രാജ്യങ്ങളുടെ പങ്കാളിത്തത്തിൽ ഇതിനോടകം നാല് ഉച്ചകോടികളാണ് ഈ സംഘടന നടത്തിയത്. ഏറ്റവുമൊടുവിൽ നടന്ന 2015 പാരിസ് ഉച്ചകോടി ഇതിലെ നിർണായക നാഴികക്കല്ലായിരുന്നു. ഈ ഡിസംബറിൽ പോളണ്ടിൽ അടുത്ത ഉച്ചകോടിക്ക് കളമൊരുങ്ങുന്നതിനു മുന്നോടിയായി കഴിഞ്ഞ മൂന്നു വർഷത്തെ പഠനത്തിനുശേഷം പുറത്തുവിട്ട റിപ്പോർട്ടിലാണ് ഭൂമി അസാധാരണമാംവിധം ചൂടാകുന്നതിനെപ്പറ്റിയുള്ള മുന്നറിയിപ്പ്.

ഒരു ചൂടുകുമിളയായി ഭൂമി

വ്യവസായ യുഗം ആരംഭിക്കുന്നതോടെയാണ് അന്തരീക്ഷം ചൂടുപിടിച്ചു തുടങ്ങുന്നത്. ഫോസിൽ ഇന്ധനങ്ങളായ പെട്രോളും ഡീസലും വൻതോതിൽ കത്തിക്കാൻ തുടങ്ങിയതോടെ അതിനുള്ളിൽ കെട്ടിനിന്നിരുന്ന കാർബൺ പുറത്തേക്കു വരാൻ തുടങ്ങി. ധ്രുവങ്ങളിലെ മഞ്ഞ് ഉരുകി കടൽനിരപ്പ് നേരിയ തോതിൽ ഉയർന്നതോടെ ലോകം ഇതിലെ അപകടം മനസ്സിലാക്കിത്തുടങ്ങി. അന്നു മുതൽ ലോകത്തിലെ ശരാശരി താപനില ഉയരാൻ തുടങ്ങി. ആധുനിക കാലമായപ്പോഴേക്കും ലോകമെമ്പാടും പെട്രോൾ പ്രധാന ഇന്ധനമായി. അമേരിക്കയിൽ ഒരാൾക്ക് ഒരു കാർ വീതം ഉണ്ടെന്നുള്ളത് വികസനത്തിന്റെ അളവുകോലാണെന്നു നാം തെറ്റിദ്ധരിച്ചു. അമേരിക്കയെപ്പോലെയാകാൻ ലോക രാജ്യങ്ങളെല്ലാം കിണഞ്ഞുശ്രമിച്ചു.

ഇതിനിടയിലാണ് കത്തുന്ന പെട്രോളിൽനിന്നു പുറത്തുവരുന്ന കാർബൺ യുഗങ്ങളായി തങ്ങിനിന്ന് അന്തരീക്ഷത്തെ ചൂടുപിടിപ്പിക്കുന്ന കാര്യം ശാസ്ത്രത്തിന്റെ ശ്രദ്ധയിൽപെടുന്നത്. ഇതോടെയാണ് കാർബൺ നിർഗമനം കുറച്ചില്ലെങ്കിൽ അന്തരീക്ഷതാപനില പിടിച്ചാൽ കിട്ടാത്തവിധം തിളച്ചുയരുമെന്ന സത്യം നാം മനസ്സിലാക്കുന്നത്. തുടർന്ന് യുഎൻ ഇതിനായി ഒരു പാനലിനെ നിയമിച്ച് പഠനം ആരംഭിച്ചു. ഇവരുടെ ഓരോ റിപ്പോർട്ടും ആഗോള താപനം വർധിക്കുന്നതിനെപ്പറ്റി ലോകരാജ്യങ്ങൾക്കു മുന്നറിയിപ്പു നൽകിക്കൊണ്ടിരുന്നു. എന്നാൽ കാറും എസിയും ആധുനിക സംവിധാനങ്ങളും അടക്കമുള്ള സുഖസൗകര്യങ്ങൾ ഒട്ടും കുറയ്ക്കാൻ യുഎസ് പോലെയുള്ള രാജ്യങ്ങൾ ആദ്യം സമ്മതിച്ചില്ല. പിന്നീടു നടന്ന പല കാലാവസ്ഥാ ഉച്ചകോടികളിലും ചർച്ചകളിലൂടെ കാർബൺ പുറന്തള്ളൽ കുറയ്ക്കാമെന്നു ലോകരാജ്യങ്ങൾ സമ്മതിച്ചു.

ബറാക് ഒബാമയുടെ നേതൃത്വത്തിൽ യുഎസും ഇതിൽ പങ്കാളികളാകാമെന്നു സമ്മതിച്ചതോടെ ലോകം ആശ്വസിച്ചു. 2015 ലെ പാരിസ് ഉച്ചകോടി ഈ ദിശയിലെ വലിയ പ്രതീക്ഷയായിരുന്നു. ലോകത്ത് ഏറ്റവും കൂടുതൽ കാർബൺ പുറന്തള്ളിയ രാജ്യമെന്ന നിലയിൽ യുഎസ് അതിന്റെ കാർബൺ പാപം കുറെയൊക്കെ ഏറ്റെടുക്കാമെന്നും സമ്മതിച്ചിരുന്നു. 18 - ാം നൂറ്റാണ്ടുമുതൽ അന്തരീക്ഷത്തിലേക്കു തള്ളിവിടുന്ന കാർബണിന് അനുപാതികമായി വികസ്വര രാജ്യങ്ങളെ സഹായിക്കാമെന്നും യുഎസും ബ്രിട്ടനും ഫ്രാൻസും മറ്റും സമ്മതിച്ചിരുന്നു. പാവപ്പെട്ട രാജ്യങ്ങൾക്ക് ആഗോള താപനത്തെ നേരിടാനുള്ള സഹായവും സാങ്കേതിക വിദ്യയും അവർ വാഗ്ദാനം ചെയ്തു.

യുഎസിന്റെ ചതി; ക്ഷമിക്കില്ല വരുംതലമുറ

ഏറ്റവും കൂടുതൽ കാർബൺ ഇപ്പോൾ പുറന്തള്ളുന്ന ചൈനയും നിയന്ത്രണങ്ങൾക്കു സമ്മതിച്ചതോടെ ലോകം പിന്നെയും ആശ്വസിച്ചു. 2050 ആകുമ്പോഴേക്കും ശരാശരി താപനില 1.5 മുതൽ 2 വരെ ഡിഗ്രിയിൽ കൂടാതെ കാത്ത് ഭൂമിയെയും പ്രകൃതിയെയും മനുഷ്യരാശിയെയും വൻ ദൂരന്തത്തിൽ നിന്നു രക്ഷിക്കാമെന്നായിരുന്നു വിശ്വാസം. എന്നാൽ പിന്നീട് യുഎസിലെ ട്രംപ് ഭരണകൂടം ലോകത്തെ ഞെട്ടിച്ചുകൊണ്ട് കരാറിൽനിന്നു പിൻവാങ്ങുകയായിരുന്നു. ഇതോടെ കാലാവസ്ഥാ മാറ്റത്തിനെതിരായ ആഗോള പോരാട്ടത്തിന്റെ മുനയൊടിഞ്ഞു.

കഴിഞ്ഞ 100 വർഷത്തിനിടെ ലോകത്തിന്റെ ശരാശരി താപനില ഒരു ഡിഗ്രി കൂടിയതിന്റെ തിക്ത ഫലമാണ് നാമിപ്പോൾ അനുഭവിക്കുന്നത്. അത് കൂടുതൽ രൂക്ഷമായാൽ ഇന്ത്യയുടെ കടലോര സംസ്ഥാനങ്ങളുടെ സ്ഥിതി പരിതാപകരമാകും. മഴയും വെള്ളപ്പൊക്കവും കൂടുതൽ രൂക്ഷമാകും. നിലവിലുള്ള സംവിധാനങ്ങളെല്ലാം തകരും. ഇത് പുതുക്കിപ്പണിയണമെങ്കിൽ കോടികളുടെ നിക്ഷേപം വേണ്ടിവരും. പല സംസ്ഥാനങ്ങൾക്കും അതിനുള്ള സാമ്പത്തിക ശേഷിയില്ല. അതിനാൽ 1.5 ഡിഗ്രിയിൽ കൂടാതെ ചൂടിനെ പിടിച്ചു നിർത്തേണ്ടത് ഇന്ത്യയുടെ ആവശ്യമാണെന്നും സുനിതാ നാരായൺ പറയുന്നു.