എടിഎം കവർച്ചയ്ക്കു പിന്നിൽ ഏഴംഗസംഘം; കേരളം വിട്ടത് ധൻബാദ് എക്സ്പ്രസിൽ

മോഷണം നടന്ന എടിഎമ്മുകളിൽ ഒന്ന്. സിസിടിവി ക്യാമറയിൽ പെയിന്റടിച്ച് മറച്ചിരിക്കുന്നതും കാണാം.

കൊച്ചി∙ മധ്യ കേരളത്തിൽ കഴിഞ്ഞ ദിവസം നടന്ന എടിഎം കവർച്ചയ്ക്കു പിന്നിൽ ഏഴംഗ സംഘമെന്നു സൂചന. മോഷണം നടത്തിയതിനുശേഷം ഇവർ ട്രെയിനിൽ കയറി രക്ഷപ്പെടുകയായിരുന്നു. അതിനിടെ, ചാലക്കുടിയിൽ മോഷണ സംഘമെത്തിയതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു. പാസഞ്ചര്‍ ട്രെയിനിൽ തൃശൂരിലെത്തിയ സംഘം ധൻബാദ് എക്സ്പ്രസിൽ കയറിയാണ് കേരളം വിട്ടത്. 

അതേസമയം പ്രതികളെ കണ്ടെത്തുന്നതിന് പൊലീസ് നാഷനൽ‌ ക്രൈം റെക്കോർഡ്സ് ബ്യുറോയുടെ സഹായം തേടി. കവർച്ച നടന്ന എടിഎമ്മുകളിലെ ചിത്രങ്ങളും വിരലടയാളങ്ങളും എൻസിആർ‌ബി പരിശോധിക്കുന്നു. തമിഴ്നാട്, ഡൽഹി പൊലീസ് സേനകൾക്കും മോഷണത്തിന്റെ വിവരങ്ങൾ കൈമാറിയിട്ടുണ്ട്.

അന്വേഷണ സംഘം മൂന്നു വിഭാഗങ്ങളായി തിരിഞ്ഞ് കേസന്വേഷണം മുന്നോട്ടുകൊണ്ടുപോകുന്നതിനാണു നിലവിലെ തീരുമാനം. അതേസമയം മോഷ്ടാക്കളുടെ മൊബൈല്‍ നമ്പറുകള്‍ തിരിച്ചറിയാന്‍ സൈബര്‍ വിദഗ്ധരുടെ നേതൃത്വത്തില്‍ അന്വേഷണം തുടരുകയാണ്. ഗ്യാസ് കട്ടറും സിലിണ്ടറും വാങ്ങിയത് കോട്ടയത്തു നിന്നാണെന്നാണ് പൊലീസ് നിഗമനം. മൂന്നു ജില്ലകളിലേയും പൊലീസ് ഉദ്യോഗസ്ഥര്‍ ഇതുവരെ കണ്ടെത്തിയ വിവരങ്ങള്‍ അവലോകനം ചെയ്തശേഷമായിരിക്കും ഇനി അന്വേഷണം മുന്നോട്ടുപോകുക.

എടിഎം കൊള്ളക്കാരെ തിരിച്ചറിയാന്‍ ഇനി പൊലീസിന് മുന്നിലുള്ളതു രണ്ടു വഴികളാണ്. ഗ്യാസ് കട്ടറും സിലിണ്ടറും വാങ്ങിയ കട കണ്ടെത്തുക. അല്ലെങ്കിൽ ഈ കടയുടെ പരിസരത്തുള്ള സിസിടിവികളില്‍ കള്ളന്‍മാര്‍ മുഖം പതിഞ്ഞിട്ടുണ്ടോയെന്ന് പരിശോധിക്കുക. കോട്ടയം കോടിമതയിൽനിന്ന് മോഷ്ടിച്ച വാഹനത്തിൽ ചാലക്കുടി വരെ സഞ്ചരിച്ച സംഘം ഗ്യാസ് സിലിണ്ടറും വഴിയിൽ ഉപേക്ഷിച്ചിരിക്കാനാണു സാധ്യത.