മോദി മഹാവിഷ്ണുവിന്റെ അവതാരമെന്ന് ബിജെപി നേതാവ്; ദൈവത്തെ അപമാനിച്ചെന്ന് കോൺഗ്രസ്

പ്രധാനമന്ത്രി നരേന്ദ്രമോദി

മുംബൈ∙ പ്രധാനമന്ത്രി നരേന്ദ്രമോദി മഹാവിഷ്ണുവിന്റെ 11–ാം അവതാരമാണെന്ന വാദവുമായി മഹാരാഷ്ട്രയിലെ ബിജെപി നേതാവ് രംഗത്ത്. ബിജെപി വക്താവ് അവദൂത് വാഗാണ് ട്വിറ്ററിൽ നരേന്ദ്രമോദി വിഷ്ണുവിന്റെ അവതാരമാണെന്നു വാദിച്ചത്. എന്നാൽ ദൈവങ്ങളെ അപമാനിക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്ന് കോൺഗ്രസ് ആരോപിച്ചു.

ദൈവത്തെപ്പോലെയുള്ള ഒരു നേതാവിനെ ലഭിച്ചത് ഇന്ത്യയുടെ ഭാഗ്യമാണെന്ന് ഒരു മഹാരാഷ്ട്ര മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലും അവദൂത് അവകാശപ്പെട്ടു. എന്നാൽ വാഗിന്റെത് നഷ്ടപ്പെട്ട രാഷ്ട്രീയ സ്വാധീനം വീണ്ടെടുക്കാനുള്ള ശ്രമമാണെന്നും ഇതിന് അധികം പ്രധാന്യം നൽകേണ്ട കാര്യമില്ലെന്നും കോൺഗ്രസ് വക്താവ് അതുൽ ലോന്ദെ വ്യക്തമാക്കി.

ബിജെപിയുടെ സംസ്കാരത്തിന്റെ കൂടി പ്രശ്നമാണ് പരാമർശത്തിലുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം എൻസിപി എംഎൽഎ ജിതേന്ദ്ര അവ്ഹാദും ബിജെപി നേതാവിന്റെ പരാമർശത്തിനെതിരെ രംഗത്തെത്തി. വാഗ് ഒരു എൻജിനീയറിങ് ബിരുദധാരിയാണ്. അദ്ദേഹത്തിന്റെ ബിരുദ സർട്ടിഫിക്കറ്റ് ഒറിജിനലാണോയെന്നു പരിശോധിക്കണം. അതു വ്യാജമാണെന്നാണ് എനിക്ക് തോന്നുന്നത്– എൻസിപി എംഎൽഎ മുംബൈയിൽ പറഞ്ഞു.