ചായവിൽപനക്കാരന്റെ മകനെ പ്രധാനമന്ത്രി വരെയാക്കാൻ ബിജെപിക്കേ സാധിക്കൂ: അമിത് ഷാ

പ്രധാനമന്ത്രി നരേന്ദ്രമോദി, ബിജെപി അധ്യക്ഷൻ അമിത് ഷാ

ന്യൂഡൽഹി∙ സാധാരണക്കാരനായൊരു ചായവിൽപനക്കാരന്റെ മകനെ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിന്റെ പ്രധാനമന്ത്രി പദം വരെയെത്തിക്കാൻ ബിജെപിക്കു മാത്രമേ സാധിക്കുവെന്ന് ദേശീയ അധ്യക്ഷൻ അമിത് ഷാ. അടുത്ത 50 വർഷത്തിൽ പഞ്ചായത്തു തലം മുതൽ പാർലമെന്റ് വരെ എല്ലായിടത്തേക്കുമുള്ള തിരഞ്ഞെടുപ്പുകളിലും ബിജെപി പതാക മാത്രമേ പാറുകയുള്ളുവെന്നും അമിത് ഷാ അവകാശപ്പെട്ടു.

മധ്യപ്രദേശിലെ ഹോഷങ്കബാദിൽ ബിജെപിയുടെ റാലിയിൽ സംസാരിക്കുകയായിരുന്നു അമിത് ഷാ. മധ്യപ്രദേശിൽ ബിജെപിയെ വിജയിപ്പിക്കുകയെന്നത് ജനങ്ങളുടെ ഉത്തരവാദിത്തമാണ്. 40 ലക്ഷത്തോളം നുഴഞ്ഞുകയറ്റക്കാരെയാണു രാജ്യത്തു കണ്ടെത്തിയിട്ടുള്ളത്. പാർലമെന്റിൽ രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കൾ ഇവർക്കുവേണ്ടി ബഹളമുണ്ടാക്കുകയാണ്– അമിത് ഷാ പറഞ്ഞു.

കോൺഗ്രസിനും സമാജ്‍വാദി പാർട്ടിക്കും ബിഎസ്പിക്കും ഇത്തരക്കാർ വോട്ടുബാങ്കാണ്. പക്ഷേ ബിജെപിക്ക് ഇത് രാജ്യസുരക്ഷയുടെ പ്രശ്നമാണ്. മധ്യപ്രദേശ് തിരഞ്ഞെടുപ്പിൽ ബിജെപി 200ന് മുകളിൽ സീറ്റുകളിൽ വിജയിക്കും. 200ൽ കുറവ് സീറ്റുകളുണ്ടായാലും പാർട്ടിക്കു സംസ്ഥാനത്തു സർക്കാർ രൂപീകരിക്കാം. എന്നാൽ 200ൽ അധികം സീറ്റുകളില്‍ ബിജെപിക്കു ജയിച്ചേ തീരു. കാരണം ബംഗാൾ, കേരളം, ആന്ധ്രാപ്രദേശ്, തെലങ്കാന സംസ്ഥാനങ്ങളിലെ പ്രവർത്തകരെല്ലാം മധ്യപ്രദേശിലേക്കു നോക്കിയിരിക്കുകയാണെന്നും അദ്ദേഹം അവകാശപ്പെട്ടു. നവംബർ 28നാണ് മധ്യപ്രദേശിൽ 230 സീറ്റുകളിലേക്കുള്ള നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുക. 166 എംഎൽ‌എമാരാണ് സംസ്ഥാനത്ത് ബിജെപിക്കു നിലവിലുള്ളത്.