കെട്ടിക്കിടക്കുന്ന കേസുകള്‍ അതിവേഗം തീര്‍പ്പാക്കുന്നതിന് പദ്ധതിയുമായി ചീഫ് ജസ്റ്റിസ്

രഞ്ജൻ ഗൊഗോയ് (ഫയൽ ചിത്രം)

തിരുവനന്തപുരം∙ കോടതികളില്‍ കെട്ടിക്കിടക്കുന്ന കേസുകള്‍ അതിവേഗം തീര്‍പ്പാക്കുന്നതിനു പദ്ധതിയുമായി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്. അടിയന്തര ഘട്ടങ്ങളില്‍ അല്ലാതെ പ്രവൃത്തിദിനങ്ങളില്‍ ജഡ്ജിമാര്‍ അവധിയെടുക്കരുതെന്നാണ് കര്‍ശന നിര്‍ദേശം നൽകിയിരിക്കുന്നത്. നിര്‍ദേശങ്ങള്‍ പാലിക്കാന്‍ തയാറാകാത്ത ജഡ്ജിമാരെ ജുഡീഷ്യല്‍ ചുമതലകളില്‍നിന്നു മാറ്റിനിര്‍ത്തുമെന്നും ചീഫ് ജസ്റ്റിസ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

വിവിധ ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസുമാരുമായും മുതിര്‍ന്ന ജഡ്ജിമാരുമായും നടത്തിയ വിഡിയോ കോണ്‍ഫറന്‍സിങ്ങിലാണു ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് നയം വ്യക്തമാക്കിയത്. അടിയന്തര ഘട്ടങ്ങളില്‍ അല്ലാതെ പ്രവൃത്തിദിനങ്ങളില്‍ ജഡ്ജിമാര്‍ അവധിയെടുക്കരുതെന്നാണ് നിര്‍ദേശം. പ്രവൃത്തിദിനങ്ങളില്‍, പ്രത്യേകിച്ച് കോടതി സമയത്ത്, സെമിനാറുകളിലും യോഗങ്ങളിലും പങ്കെടുക്കരുത്. ഇക്കാര്യങ്ങള്‍ പാലിക്കാന്‍ തയാറാകാത്ത ജഡ്ജിമാരെ ജുഡീഷ്യല്‍ ചുമതലകളില്‍നിന്നു മാറ്റിനിർത്തുമെന്നും ചീഫ് ജസ്റ്റിസ് മുന്നറിയിപ്പു നല്‍കി.

ജഡ്ജിമാര്‍ക്കെതിരെ അഴിമതി ആരോപണങ്ങള്‍ ഉയരുന്നതിലും ചീഫ് ജസ്റ്റിസ് ആശങ്ക രേഖപ്പെടുത്തിയെന്നാണു വിവരം. കീഴ്ക്കോടതികളിലെ കേസുകളുടെ തല്‍സ്ഥിതി മൂന്നുമാസത്തിലൊരിക്കല്‍ വിലയിരുത്തുന്നതിനു പകരം ദൈനംദിന അടിസ്ഥാനത്തില്‍ നിരീക്ഷിക്കണം. അനാവശ്യവും പ്രസക്തി നഷ്ടപ്പെട്ടതുമായ കേസുകള്‍ ആദ്യം തീര്‍പ്പാക്കണം. തുടര്‍ന്നു ക്രിമിനല്‍ കേസുകളിലെ അപ്പീലുകളില്‍ വേഗത്തില്‍ തീരുമാനമെടുക്കണം. അഞ്ചു വര്‍ഷത്തില്‍ കൂടുതലായി പരിഗണിക്കാതെ കിടക്കുന്ന കേസുകള്‍ കണ്ടെത്തി ഉടന്‍ തീര്‍പ്പാക്കണമെന്നും ചീഫ് ജസ്റ്റിസ് നിര്‍ദേശിച്ചു.

സുപ്രീംകോടതിയില്‍ 56,000 കേസുകള്‍ തീര്‍പ്പാക്കാനുള്ളപ്പോള്‍ വിവിധ ഹൈക്കോടതികളിലായി കെട്ടിക്കിടക്കുന്നത് 44 ലക്ഷം കേസുകളാണ്.