കുതിച്ചുയർന്ന് ഇന്ധനവില; പ്രധാനമന്ത്രി എണ്ണക്കമ്പനി തലവന്‍മാരെ കാണും

പ്രധാനമന്ത്രി നരേന്ദ്രമോദി

ന്യൂഡൽഹി∙ രാജ്യത്ത് ഇന്ധന വില കുതിച്ചുയരുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്ര മോദി എണ്ണക്കമ്പനികളുടെ തലവന്‍മാരുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. ഇന്ത്യൻ ഓയിൽ കോർപറേഷന്റെ വെബ്സൈറ്റിലെ വിവരപ്രകാരം ഡൽഹിയിലെ ഇന്നത്തെ പെട്രോൾ വില 82.78 ആണ്. ശനിയാഴ്ച പെട്രോൾ വില 82.66ൽ നിന്ന് 82.72 രൂപയായി ഉയർന്നിരുന്നു. മുംബൈ, കൊൽക്കത്ത, ചെന്നൈ നഗരങ്ങളിൽ ‍‍ഞായറാഴ്ചയും പെട്രോൾ വില കൂടി. മുംബൈ– 88.23, കൊൽക്കത്ത– 84.59, ചെന്നൈ– 86.04 രൂപ എന്നിങ്ങനെയാണ് തിങ്കളാഴ്ചത്തെ പെട്രോൾ വില. 

പ്രാദേശിക നികുതികള്‍ കൂടി ഉൾപ്പെടുന്നതിനാൽ വിവിധ നഗരങ്ങളിൽ വ്യത്യസ്ത വിലയാണ് ഈടാക്കുന്നത്. രാജ്യത്തെ നാല് മെട്രോ നഗരങ്ങളിൽ ഡൽഹിയിലാണ് ഏറ്റവും കുറവു നികുതി നിരക്ക് ഉള്ളത്. ആഗോള തലത്തിൽ ക്രൂഡ് ഓയില്‍ വിലയിലുള്ള മാറ്റവും ഇന്ധന വില കുതിച്ചുകയറുന്നതിന് ഇടയാക്കുന്നു. ഈ മാസം ആദ്യം എക്സൈസ് നികുതിയിൽനിന്ന് 1.50 രൂപ കുറയ്ക്കുന്നതായി കേന്ദ്രമന്ത്രി അരുൺ ജയ്റ്റ്ലി പ്രഖ്യാപിച്ചിരുന്നു.

‍തിങ്കളാഴ്ച രാജ്യത്തെ ഡീസല്‍ വിലയും വർധിച്ചിട്ടുണ്ട്. മുംബൈയിൽ 79.07 രൂപയിൽനിന്ന് 79.16 രൂപയായാണു ഡീസൽ വില ഉയർന്നത്. ഡല്‍ഹി– 75.51, കൊൽക്കത്ത– 77.36, ചെന്നൈ– 79.85 എന്നിങ്ങനെയാണു ഒരു ലീറ്റർ ഡീസലിന് ഈടാക്കുന്നത്. നവംബർ നാലിന് ഇറാനെതിരെ യുഎസ് ഉപരോധം നിലവിൽവരുന്ന സാഹചര്യത്തിൽ ക്രൂഡ് ഓയിൽ വിലയിൽ വീണ്ടും മാറ്റങ്ങളുണ്ടാകും.