ഫ്രാങ്കോ മുളയ്ക്കലിനു ജാമ്യം: ആശങ്കയും സുരക്ഷാ ഭീഷണിയുമെന്ന് കന്യാസ്ത്രീകൾ

കുറവിലങ്ങാട് ∙ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനു ജാമ്യം ലഭിച്ചതിൽ ആശങ്കയുണ്ടെന്നു കന്യാസ്ത്രീകൾ. ഞങ്ങളുടെ സുരക്ഷയ്ക്ക് ഭീഷണിയുണ്ട്. നാളെ ജീവനോടെ ഉണ്ടാകുമെന്ന് ഉറപ്പില്ല. - സിസ്റ്റർ അനുപമ പറഞ്ഞു. അതേസമയം, നീതിന്യായ വ്യവസ്ഥയിൽ വിശ്വാസമുണ്ടെന്നും നീതി ലഭിക്കുമെന്നു പ്രതീക്ഷയുണ്ടെന്നും പീഡനം സംബന്ധിച്ച പ്രശ്നത്തിൽ സമരം ചെയ്ത കന്യാസ്ത്രീകൾ കുറവിലങ്ങാട്ടു പറഞ്ഞു.

കന്യാസ്ത്രീയെ പീഡിപ്പിച്ചെന്ന പരാതിയിൽ സെപ്റ്റംബർ 21 ന് അറസ്റ്റിലായ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനു ഹൈക്കോടതി ഇന്നാണ് സോപാധിക ജാമ്യം അനുവദിച്ചത്.പാസ്പോർട്ട് കോടതിയിൽ കെട്ടിവയ്ക്കണമെന്നും അന്വേഷണാവശ്യത്തിനല്ലാതെ കേരളത്തിൽ പ്രവേശിക്കരുതെന്നും കോടതി നിർദേശിച്ചിട്ടുണ്ട്.