പുരുഷനെപ്പോലെ സ്ത്രീക്കും ആരാധനാ സ്വാതന്ത്ര്യമുണ്ട്: യുവതീ പ്രവേശത്തിൽ മുഖ്യമന്ത്രി

തിരുവനന്തപുരം∙ ശബരിമലയില്‍ സ്ത്രീകള്‍ക്കു പ്രവേശിക്കാം എന്ന സുപ്രീംകോടതി വിധിയെ ഓര്‍ഡിനന്‍സ് കൊണ്ടോ നിയമനിര്‍മാണം കൊണ്ടോ മറികടക്കാനാകില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. സര്‍ക്കാരിനെ തെറിപറയലല്ല കേരളത്തിന്റെ മതനിരപേക്ഷ മനസ് തകര്‍ക്കലാണ് ചിലരുടെ ലക്ഷ്യം. മതനിരപേക്ഷ മനസിനെ തകര്‍ക്കുന്ന നീക്കത്തെ തടയാന്‍ മതവിശ്വാസികളടക്കമുള്ളവര്‍ രംഗത്തുവരണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു. പുത്തരിക്കണ്ടം മൈതാനത്ത് എല്‍ഡിഎഫ് സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണയോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കാത്തതു ഭരണഘടനാ വിരുദ്ധമാണെന്നാണു സുപ്രീംകോടതി പറഞ്ഞത്. സുപ്രീംകോടതി ഒരു കാര്യം റദ്ദു ചെയ്താല്‍ ഭരണഘടനാപരമായ കാര്യത്തില്‍ നിയമ നിര്‍മാണം നടത്താന്‍ സാധാരണ രീതിയില്‍ കഴിയില്ല. ചിലര്‍ ചോദിക്കുന്നതു സര്‍ക്കാര്‍ എന്തുകൊണ്ട് പുനഃപരിശോധനാ ഹര്‍ജി നല്‍കുന്നില്ലെന്നാണ്. സുപ്രീംകോടതി വിധി നടപ്പിലാക്കുമെന്നാണു സര്‍ക്കാര്‍ പറഞ്ഞത്. തുല്യാവകാശത്തിന്റെ പ്രശ്നത്തില്‍ സ്ത്രീക്കു പുരുഷനെപോലെ ആരാധനാ സ്വാതന്ത്ര്യമുണ്ട്. അതുകൊണ്ടാണ് പുനഃപരിശോധനാ ഹര്‍ജിക്കു സര്‍ക്കാര്‍ പോകാത്തത്. നിയമവാഴ്ചയുള്ള സ്ഥലത്ത് ഈ നിലപാടു മാത്രമേ സ്വീകരിക്കാനാകൂ.

സുപ്രീംകോടതി വിധി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. വികാരം ഇളക്കിയതുകൊണ്ട് സര്‍ക്കാരിന് മറ്റൊരു നിലപാട് എടുക്കാന്‍ കഴിയില്ല. നിയമപരമായ വഴിയേ പറ്റൂ. വിശ്വാസികളുമായി ഏറ്റുമുട്ടാന്‍ സര്‍ക്കാര്‍ തയാറല്ല. ഏതു വിശ്വാസിക്കും ജീവിക്കാന്‍ കഴിയുന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. വിശ്വാസികള്‍ക്കു സിപിഎമ്മിനെക്കുറിച്ച് തെറ്റിദ്ധാരണ ഉണ്ടാകാനിടയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

ശബരിമല വിഷയത്തില്‍ സുപ്രീംകോടതി വിധി ഒരു ദിവസം കൊണ്ട് ഉണ്ടായതല്ല. സ്ത്രീകളെ പ്രവേശിപ്പിക്കണമെന്നാവശ്യപ്പെട്ട് 2006ല്‍ റിട്ട് പെറ്റിഷനുമായി ഇന്ത്യന്‍ യങ് ലോയേഴ്സ് അസോസിയേഷനാണു സുപ്രീംകോടതിയെ സമീപിച്ചത്. ആര്‍എസ്എസ് ബന്ധമുള്ള ആളാണു കോടതിയില്‍ പോയത്. ഈ കേസില്‍ സംസ്ഥാന സര്‍ക്കാരിനെ എതിര്‍കക്ഷിയാക്കി. സര്‍ക്കാരിന് സത്യവാങ്മൂലം നല്‍കേണ്ട ബാധ്യത വന്നു. 2007ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കി. സ്ത്രീപ്രവേശനത്തിന് സര്‍ക്കാര്‍ എതിരല്ലെന്നായിരുന്നു സത്യവാങ്മൂലം. യുഡിഎഫ് സര്‍ക്കാര്‍ 2016വരെ നേരത്തെയുള്ള സത്യവാങ്മൂലം മാറ്റിയില്ല.

തിരഞ്ഞെടുപ്പ് വന്നതു കൊണ്ടായിരിക്കാം 2016ല്‍ ആളുകളെ സ്വാധീനിക്കാന്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ സത്യവാങ്മൂലം ഉപേക്ഷിച്ച് യുഡിഎഫ് പുതിയത് നല്‍കി. വീണ്ടും എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നപ്പോള്‍ പുതിയ സത്യവാങ്മൂലം അംഗീകരിക്കുന്നില്ലെന്നും 2007ലെ സത്യവാങ്മൂലത്തില്‍ ഉറച്ചുനില്‍ക്കുന്നതായും കോടതിയില്‍ വ്യക്തമാക്കി. കോടതി വിധി വന്നതോടെ അത് നടപ്പിലാക്കാനുള്ള ഉത്തരവാദിത്തം സര്‍ക്കാരിനുണ്ട്. കാലത്തിന്റെ മാറ്റത്തിനനുസരിച്ച് ആചാരങ്ങള്‍ മാറും അത് മനസിലാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു.