മിസോറം മുൻമന്ത്രി ചാക്മ കോൺഗ്രസിൽനിന്ന് രാജിവച്ചു; ബിജെപിയിലേക്കെന്ന് സൂചന

ബുദ്ധ ധൻ ചാക്മ

ഐസോൾ∙ മിസോറം മുൻമന്ത്രി ബുദ്ധ ധൻ ചാക്മ എംഎൽഎ സ്ഥാനവും കോണ്‍ഗ്രസിലെ പ്രാഥമികാംഗത്വവും രാജിവച്ചു. ചാക്മയുടെ രാജി സ്വീകരിച്ചതായി എംപിസിസി പ്രസിഡന്റും മുഖ്യമന്ത്രിയുമായ ലാൽതൻഹാ‌വ്‌ല അറിയിച്ചു.

ചാക്മ ബിജെപിയിൽ ചേരുമെന്നു പാർട്ടി സംസ്ഥാന പ്രസിഡന്റ് ജോൺ വി. ഹുന സൂചിപ്പിച്ചു. പാർട്ടിയുടെ തിരഞ്ഞെടുപ്പ് പ്രചാരണം ഉദ്ഘാടനം ചെയ്യാൻ ഇന്നു സംസ്ഥാനത്തെത്തുന്ന അമിത് ഷായുടെ സാന്നിധ്യത്തിലാകും ചാക്മയുടെ ബിജെപി പ്രവേശനം. നവംബർ 28നു നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹം ബിജെപിയുടെ തുയിസോങ് സീറ്റിൽ മൽസരിച്ചേക്കും.

ചാക്മയുടെ രാജിയോടെ ഭരണകക്ഷിയായ കോണ്‍ഗ്രസിൽനിന്നു ചുരുങ്ങിയ കാലത്തിനിടെ കൊഴിഞ്ഞുപോയവരുടെ എണ്ണം മൂന്നായി. അഴിമതി ആരോപണത്തെ തുർന്നു പാർട്ടിയിൽനിന്നും മന്ത്രിസഭയിൽനിന്നും പുറത്താക്കപ്പെട്ട മുതിർന്ന കോൺഗ്രസ് നേതാവ് ആർ. ലാൽസിർലിയാന കഴിഞ്ഞ ദിവസം ഔദ്യോഗികമായി എംഎൻഎഫിൽ ചേർന്നിരുന്നു. എഐസിസി അംഗവും മിസോറം പിസിസി ജനറൽ സെക്രട്ടറിയും മന്ത്രിയുമായിരുന്ന ലാൽസിർലിയാന സെയ്‌ലോ, ഐസോൾ ഫുട്ബോൾ ക്ലബ് പ്രസിഡന്റും കോൺഗ്രസ് നേതാവുമായ റോബർട്ട് റൊമാവിയ റോയ്ട എന്നിവരും രാജിവച്ച് എംഎൻഎഫിൽ ചേർന്നിരുന്നു.

2013ൽ രണ്ടാംവട്ടവും അധികാരത്തിലേറുമ്പോൾ നാൽപതംഗ നിയമസഭയിൽ കോൺഗ്രസിന് 34 അംഗങ്ങളാണുണ്ടായിരുന്നത്. എംഎൻഎഫ് 5, എംപിസി ഒന്ന് എന്നിങ്ങനെയായിരുന്നു കക്ഷിനില. മൂന്ന് അംഗങ്ങളുടെ രാജിയോടെ കോൺഗ്രസിന്റെ അംഗബലം 31 ആയി. എംഎൻഎഫ്–എംസിപി–എംഡിഎഫ് സഖ്യത്തിന്റെ ആറുപേരുമുൾപ്പെടെ 37 അംഗങ്ങളാണ് ഇപ്പോൾ സഭയിലുള്ളത്.