സംസ്ഥാനത്ത് ഹർത്താൽ പുരോഗമിക്കുന്നു; അക്രമം, ബസുകൾക്ക് നേരെ കല്ലേറ്

കെഎസ്ആർടിസി ബസിനു നേരെയുണ്ടായ ആക്രമണം.

കോട്ടയം∙ ശബരിമല കര്‍മസമിതിയും അന്താരാഷ്ട്ര ഹിന്ദുപരിഷത്തും സംസ്ഥാനത്ത് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ പുരോഗമിക്കുന്നു. തിരുവനന്തപുരത്തും കോഴിക്കോടും കെഎസ്ആര്‍ടിസി ബസുകള്‍ക്കു നേരെ അക്രമികള്‍ കല്ലെറിഞ്ഞു. തിരുവനന്തപുരം കല്ലമ്പലത്താണ് കെഎസ്ആര്‍ടിസി ബസിനു നേരെ അക്രമമുണ്ടായത്.

പൊലീസ് സംരക്ഷണമുണ്ടെങ്കിലേ സര്‍വീസ് നടത്താനാകൂ എന്നു ജീവനക്കാര്‍ അറിയിച്ചു. ഇതേത്തുടര്‍ന്നു സര്‍വീസ് നിര്‍ത്തി. കോഴിക്കോട് മുക്കത്തും കുന്നമംഗലത്തും കുണ്ടായിത്തോടും കെഎസ്ആര്‍ടിസിയുടെ ദീര്‍ഘദൂര സര്‍വീസുകള്‍ക്കു നേരെ കല്ലേറുണ്ടായി. കോഴിക്കോട് സർവീസിന് കനത്ത പൊലീസ് കാവലുണ്ട്. ചാത്തന്നൂരിൽനിന്ന് പമ്പാ സ്പെഷൽ സർവീസിനയച്ച ബസുകളുടെ ഗ്ലാസ്സുകൾ ആക്രമണത്തിൽ തകർന്നു. അടൂർ ‍ഡിപ്പോയിലെ ബസ് കുളനടയ്ക്കും ചെങ്ങന്നൂരിനും ഇടയ്ക്ക് പാറയ്ക്കൽ എന്ന സ്ഥലത്തു വച്ച് കല്ലേറു കൊണ്ടു.

കെഎസ്ആർടിസി ബസിനു നേരെയുണ്ടായ ആക്രമണം.

അതേസമയം, കഴിഞ്ഞദിവസം പമ്പയിലും നിലയ്ക്കലിലുമുണ്ടായ അക്രമത്തില്‍ 300 പേര്‍ക്കെതിരെ കേസെടുത്തു. 16 കേസുകളാണു റജിസ്റ്റര്‍ ചെയ്തത്. രാഹുല്‍ ഈശ്വറിനും പ്രയാര്‍ ഗോപാലകൃഷ്ണനുമെതിരെ ജാമ്യമില്ലാക്കുറ്റം ചുമത്തിയിട്ടുണ്ട്. പ്രാഥമികമായി റജിസ്റ്റര്‍ ചെയ്ത കേസുകളാണെന്നും കൂടുതല്‍ കേസുകള്‍ റജിസ്റ്റര്‍ ചെയ്യുമെന്നും പൊലീസ് അറിയിച്ചു. അതേസമയം നിരോധനാജ്ഞയെത്തുടര്‍ന്നു ശബരിമലയില്‍ സുരക്ഷ ശക്തമാക്കി. പമ്പ, നിലയ്ക്കല്‍, സന്നിധാനം, ഇലവുങ്കല്‍ എന്നിവിടങ്ങളിലാണു നിരോധനാജ്ഞ.