സമൂഹമാധ്യമങ്ങളിലുടെ തെറ്റായ പ്രചാരണം: കര്‍ശന നടപടിയെന്നു ഡിജിപി

ഡിജിപി ലോക്നാഥ് ബെഹ്‍റ

തിരുവനന്തപുരം ∙ സംസ്ഥാന പൊലീസിലെ രണ്ട് ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെ സമൂഹമാധ്യമങ്ങളിലൂടെ നടക്കുന്ന ആക്രമണം ദൗര്‍ഭാഗ്യകരമെന്ന് സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ. ഇത്തരം സന്ദേശങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ കര്‍ശനമായ നിയമ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു. 

മതത്തിന്‍റെ പേരില്‍ ഐജി മനോജ് എബ്രഹാമിനെതിരെയും വിശ്വാസത്തിന്‍റെ പേരില്‍ ഐജി എസ്. ശ്രീജിത്തിനെതിരെയും സമൂഹ മാധ്യമങ്ങളിലൂടെ നടക്കുന്ന ആക്രമണം ന്യായീകരിക്കാനാകാത്തതാണ്. ഒരു പൊലീസ് ഉദ്യോഗസ്ഥന് തന്‍റെ നിയമപരമായ ഉത്തരവാദിത്തം നിര്‍വഹിക്കുന്നതിന് മതമോ വിശ്വാസമോ ഒരിക്കലും തടസ്സമല്ല.  മതത്തിന്‍റെയും വിശ്വാസത്തിന്‍റെയും പേരില്‍ പൊലീസ് ഉദ്യോഗസ്ഥരെ വ്യക്തിപരമായി ആക്രമിക്കുന്നത് അനുവദിക്കാനാകില്ല. നിയമപരമായും കൃത്യമായും ചുമതലകള്‍ നിര്‍വഹിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെ നിര്‍വീര്യരാക്കുന്ന ഇത്തരം പ്രവൃത്തികളില്‍നിന്ന് എല്ലാവരും ഒഴിഞ്ഞുനില്‍ക്കണമെന്നും സംസ്ഥാന പൊലീസ് മേധാവി അഭ്യർഥിച്ചു.