ഫാ. കുര്യാക്കോസ് കാട്ടുതറയുടെ ശരീരത്തില്‍ പരുക്കുകളില്ല: പോസ്റ്റ്മോർട്ടം റിപ്പോർട്ട്

ജലന്തർ∙ പഞ്ചാബില്‍ മരിച്ച മലയാളി വൈദികന്‍ ഫാ. കുര്യാക്കോസ് കാട്ടുതറയുടെ പോസ്റ്റ്മോര്‍ട്ടം നടപടികൾ പൂർത്തിയായി. വൈദികന്റെ ശരീരത്തില്‍ പരിക്കുകളില്ലെന്നാണു പോസ്റ്റുമോർട്ടം റിപ്പോർട്ട്. ആന്തരിക അവയവങ്ങള്‍ ഫോറന്‍സിക് പരിശോധനയ്ക്ക് അയക്കും. മരണകാരണം അതിനു ശേഷമേ വ്യക്തമാകൂ എന്നു ദസൂയ സിവില്‍ ഹോസ്പിറ്റൽ സീനിയർ മെഡിക്കൽ ഓഫിസർ ദേവീന്ദർ പുരി പറഞ്ഞു.

തിങ്കളാഴ്ച രാവിലെ 10 മണിയോടെ ദസൂയ സെന്റ് പോൾസ് പള്ളിക്കു സമീപത്തുള്ള സ്വന്തം മുറിയിലാണു വൈദികനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കട്ടിലിൽ ഛര്‍ദിച്ച നിലയിൽ കണ്ടെത്തിയ മൃതദേഹത്തിനു സമീപം രക്തസമ്മര്‍ദ്ദത്തിന്‍റെ ഗുളികകൾ പൊലീസ് കണ്ടെടുത്തിരുന്നു. കന്യാസ്ത്രീയുടെ പീഡന പരാതിയിൽ പ്രതിയായ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ഫാ. കുര്യാക്കോസ് കാട്ടുതറ മൊഴി നല്‍കിയിരുന്നു. തന്റെ ജീവനു ഭീഷണിയുള്ളതായി വൈദികൻ ബന്ധുക്കളോടും സഹപ്രവർത്തകരോടും ആശങ്കപ്പെട്ടിരുന്നതായാണു വിവരം.

ബിഷപ് ഫ്രാങ്കോയുടെ അറസ്റ്റിനുശേഷം കടുത്ത മാനസികസമ്മര്‍ദത്തിലായിരുന്നു ഫാ. കുര്യാക്കോസെന്ന് ഇദ്ദേഹവുമായി അടുത്തു ബന്ധമുള്ള വൈദികരും വ്യക്തമാക്കി. മരണത്തില്‍ ദുരൂഹതയുണ്ടെന്നാണു ബന്ധുക്കളുടെ ആരോപണം. ഈ പശ്ചാത്തലത്തിൽ നാലംഗ ഡോക്ടർമാരുടെ ബോർഡാണു പോസ്റ്റുമോർട്ടം നടത്തിയത്. പോസ്റ്റുമോർട്ടം നടപടികൾ വിഡിയോയിൽ പകർത്തിയിട്ടുണ്ട്.