സ്ഥാനാർഥി പ്രഖ്യാപനത്തിൽ അസംതൃപ്തി; ബിജെപി നേതൃത്വത്തിനെതിരെ പ്രവർത്തകർ

പ്രതീകാത്മക ചിത്രം

റായ്പുർ∙ നിയമസഭാ തിരഞ്ഞെടുപ്പിലേക്കുള്ള സ്ഥാനാർഥികളെ പ്രഖ്യാപിച്ചതിൽ അസംതൃപ്തി വ്യക്തമാക്കി ഛത്തിസ്ഗഡിലെ ബിജെപി പ്രവർത്തകർ. കുറഞ്ഞത് 12 മണ്ഡലങ്ങളിലെ പ്രവർത്തകരെങ്കിലും നേതൃത്വത്തിന്റെ നീക്കത്തിൽ അമർഷം പ്രകടിപ്പിക്കുന്നുണ്ട്. ചിലർ പാർട്ടി ആസ്ഥാനമായ ‘ഏകാത്മ പരീസാറി’നു മുൻപിലെത്തി പാർട്ടി നേതാക്കൾക്കെതിരെ മുദ്രാവാക്യം വിളിച്ചു ധർണ നടത്തുകയും ചെയ്തു.

78 സ്ഥാനാർഥികളുടെ ആദ്യ പട്ടിക പ്രഖ്യാപിച്ചപ്പോൾ സിറ്റിങ് എംഎൽഎമാർക്കും മന്ത്രിമാർക്കുമാണു പാർട്ടി മുൻഗണന നൽകിയത്. ഭരണവിരുദ്ധ വികാരം ഒഴിവാക്കാൻ ഒരു മന്ത്രി ഉൾപ്പെടെ 14 സിറ്റിങ് എംഎൽഎമാരെ ഈ പട്ടികിയിൽനിന്ന് ഒഴിവാക്കിയിരുന്നു. വിവാദങ്ങളൊന്നുമുണ്ടാക്കാത്ത വനിതാ – ശിശു വികസന മന്ത്രി രാംശില സാഹുവിനും തന്നെ വീണ്ടും പരിഗണിച്ചില്ലെന്നത് ഞെട്ടലുളവാക്കിയിരുന്നു. കേന്ദ്ര നേതൃത്വം തീരുമാനം പുനഃപരിശോധിക്കുമെന്നു കരുതുന്നതായും അവർ വ്യക്തമാക്കി. ദുർഗ് റൂറൽ മണ്ഡലത്തിൽനിന്ന് ഇവർക്കു പകരം കോൺഗ്രസിൽനിന്നു വിട്ടുവന്ന ജഗേശ്വർ സൈഹുവിനാണ് ബിജെപി ടിക്കറ്റ് നൽകിയത്.

അതേസമയം, പട്ടാൻ, അംബികാപുർ, കേഷ്കൽ, ദണ്ഡേവാഡ, റായ്ഗഢ്, ഭട്ട്ഗാവ്, ഖല്ലാരി, ബിന്ദ്രനാവാഗഢ്, റായ്പുർ നോർത്ത്, മഹാസമുന്ദ്, ഡോൺഡോലോഹര എന്നീ മണ്ഡലങ്ങളിലെ സ്ഥാനാർഥികളെ മാറ്റണമെന്ന് ആവശ്യപ്പെട്ട് അണികൾ തന്നെ പരസ്യമായി രംഗത്തെത്തിയത് നേതൃത്വത്തെ ഞെട്ടിച്ചിട്ടുണ്ട്. കേന്ദ്രനേതൃത്വമാണു സ്ഥാനാർഥികളെക്കുറിച്ചുള്ള തീരുമാനമെടുത്തതെന്നു പറഞ്ഞ് സംസ്ഥാന അധ്യക്ഷൻ ധരംലാൽ കൗശിക് കയ്യൊഴിഞ്ഞിരിക്കുകയാണ്. അതിനാൽത്തന്നെ സ്ഥാനാർഥികളെ ഇനി മാറ്റാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം, സിന്ധി വിഭാഗവും ബിജെപിയുടെ തീരുമാനത്തിനെതിരെ രംഗത്തെത്തിയിട്ടുണ്ട്. അവരുടെ സിറ്റിങ് എംഎൽഎ ശ്രീചന്ദ് സുന്ദെരാനിക്കും സീറ്റ് നിഷേധിച്ചിരുന്നു. ഞായറാഴ്ച വൈകുന്നേരം സിന്ധി വിഭാഗത്തിന്റെ നേതാക്കൾ അടിയന്തര യോഗം ചേർന്ന് ബിജെപിയുടെ വോട്ട് ബാങ്കായ തങ്ങളെ പരിഗണിച്ചില്ലെങ്കിൽ പ്രത്യാഘാതമുണ്ടാകുമെന്നു മുന്നറിയിപ്പു നൽകിയിരുന്നു. ദണ്ഡേവാഡ സംവരണ മണ്ഡലത്തിൽ നിലവിലെ നിയമസഭാംഗം ഭീമ മാൻഡവിയും പ്രാദേശിക ബിജെപി നേതാവ് കഹിത്രം അറ്റാമിയും തമ്മിലാണ് പോര്. വിമത സ്ഥാനാർഥിയായി അറ്റാമി രംഗത്തിറങ്ങാൻ സാധ്യതയേറെ കൽപ്പിക്കപ്പെടുന്നുണ്ട്.

15 വർഷത്തെ തുടർച്ചയായ ഭരണം മൂലം ബിജെപി സർക്കാരിനെതിരെ ശക്തമായ ഭരണവിരുദ്ധവികാരമാണ് നിലനിൽക്കുന്നത്. മാത്രമല്ല, കോൺഗ്രസിനൊപ്പം അജിത് ജോഗിയുടെ ഛത്തിസ്ഗ‍ഡ് ജനതാ കോൺഗ്രസും ശക്തമായ മൽസരം കാഴ്ചവയ്ക്കാൻ രംഗത്തുണ്ട്.