പമ്പ– നിലയ്ക്കൽ ചെയിൻ സർവീസ് തടസ്സപ്പെട്ട് കെഎസ്ആർടിസിക്കു നഷ്ടം 1.21 ലക്ഷം

തിരുവനന്തപുരം∙ ശബരിമലയിലെ തുലാം മാസ പൂജയുടെ സമയത്ത് പമ്പയില്‍നിന്നു നിലയ്ക്കലിലേക്കുള്ള ചെയിന്‍ സര്‍വീസ് ഭാഗികമായി തടസപ്പെട്ടതിനെത്തുടര്‍ന്ന് കെഎസ്ആര്‍ടിസിക്കുണ്ടായ നഷ്ടം 1,21,233 രൂപ. ഒരു ബസിന് 753 രൂപ നിരക്കില്‍ നഷ്ടമുണ്ടായതായാണ് കെഎസ്ആര്‍ടിസിയുടെ കണക്ക്.

നിലയ്ക്കലില്‍ ബസുകള്‍ തടഞ്ഞ ആദ്യ ദിവസമാണു വലിയ നഷ്ടമുണ്ടായത്. 17ാം തീയതി ഒരു ബസ് മാത്രമാണ് ഓടിക്കാനായത്. നഷ്ടം 99,488 രൂപ. 18ാം തീയതി 17 ബസുകൾ പ്രവര്‍ത്തിപ്പിച്ചു. നഷ്ടം 6,155 രൂപ. 19ാം തീയതി 27 ബസുകള്‍ പ്രവര്‍ത്തിപ്പിച്ചു. നഷ്ടം 4,468രൂപ. 20ാം തീയതി 48 ബസുകള്‍ പ്രവര്‍ത്തിപ്പിച്ചു. നഷ്ടം 2,715 രൂപ. 21ാം തീയതി 30 ബസുകള്‍ പ്രവര്‍ത്തിപ്പിച്ചു. നഷടം 4,648 രൂപ. 22ാം തീയതി 38 ബസുകള്‍ പ്രവര്‍ത്തിപ്പിച്ചു. നഷ്ടം 3,709.

ശബരിമല വിഷയത്തില്‍ കെഎസ്ആര്‍ടിസി ബസുകള്‍ തകര്‍ത്തവരില്‍നിന്ന് നഷ്ടപരിഹാരം ഈടാക്കാതെ ജാമ്യം കൊടുക്കരുതെന്നാവശ്യപ്പെട്ട് കെഎസ്ആര്‍ടിസി എംഡി ടോമിന്‍ ജെ.തച്ചങ്കരി ഡിജിപിക്ക് കത്തു നല്‍കിയിരുന്നു. നഷ്ടപരിഹാരം ഈടാക്കുന്നതിനായി, കെഎസ്ആര്‍ടിസിക്ക് ഉണ്ടായ നാശനഷ്ടത്തെപറ്റി അന്വേഷണ ഉദ്യോഗസ്ഥര്‍ ബന്ധപ്പെട്ട കോടതികളില്‍ ആപ്ലിക്കേഷന്‍ സമര്‍പ്പിക്കാന്‍ നിര്‍ദേശിക്കണമെന്നും കത്തില്‍ ചൂണ്ടിക്കാട്ടിയിരുന്നു.