ശബരിമലയിൽ ‘ഹൈടെക്’ ബസ് സർവീസുകളുമായി കെഎസ്ആർടിസി

(ഫയൽ ചിത്രം)

തിരുവനന്തപുരം∙ വരാനിരിക്കുന്ന മണ്ഡല–മകരവിളക്ക് സീസണിൽ ഓൺലൈൻ ടിക്കറ്റ് ബുക്കിങ് ഉൾപ്പെടെ നടപ്പാക്കി ടിക്കറ്റിങ് സംവിധാനം പൂർണമായും കംപ്യൂട്ടർവൽക്കരിക്കാൻ കെഎസ്ആർടിസി. സുരക്ഷാ കാരണങ്ങൾ മുൻനിർത്തി പമ്പ–നിലയ്ക്കൽ സർവീസിന് കെഎസ്ആർടിസി ബസുകൾക്കു മാത്രമാണ് ഈ വർഷം അനുമതി. പത്ത് എസി വൈദ്യുത ബസുകളും നിലയ്ക്കൽ–പമ്പ റൂട്ടിൽ സർവീസ് നടത്തും.

ക്യുആർ‌ കോഡ് ഉൾപ്പെടെയുള്ള ഡിജിറ്റൽ ടിക്കറ്റിങ് സംവിധാനമാണ് ശബരിമല യാത്രയ്ക്കായി അവതരിപ്പിക്കുക. ഇതുവഴി യാത്രക്കാരുടെ തിരക്കു പരിശോധിച്ച് സര്‍വീസ് നടത്തുന്നതിനും സാധിക്കും. പമ്പയിലും നിലയ്ക്കലുമായി 15 കൗണ്ടറുകള്‍ ടിക്കറ്റ് വിതരണത്തിനായി തുറക്കും. ക്രെഡിറ്റ് കാർഡ്, ഡെബിറ്റ് കാർഡ് എന്നിവ വഴിയും ടിക്കറ്റ് എടുക്കാനാകും.

ആകെ 250 ബസുകളാണു സർവീസിന് ഉപയോഗിക്കുക. ഓരോ മിനിറ്റ് ഇടവിട്ട് സാധാരണ ബസുകളും രണ്ടു മിനിറ്റ് ഇടവിട്ട് എസി ബസുകളും പുറപ്പെടും. സാധാരണ ബസുകൾക്ക് 40 രൂപയും എസിക്ക് 75 രൂപയുമാണു നിരക്ക്. 800 ജീവനക്കാരെയാണ് ഇതിനായി കെഎസ്ആർടിസി നിയോഗിക്കുക. ഓൺലൈൻ ബുക്കിങ് സംവിധാനം ഒക്ടോബർ 29 മുതൽ പ്രവർത്തന സജ്ജമാകും.