ലാപ്ടോപ് ഹാജരാക്കാതെ ഫ്രാങ്കോ മുളയ്ക്കൽ; ജാമ്യം റദ്ദാക്കുമെന്ന മുന്നറിയിപ്പുമായി പൊലീസ്

കോട്ടയം ∙ കന്യാസ്ത്രീയെ പീഡിപ്പിച്ചുവെന്ന പരാതിയിൽ പ്രതിയായ ബിഷപ്പ് ഡോ. ഫ്രാങ്കോ മുളയ്ക്കൽ ലാപ്ടോപ്പ് ഹാജരാക്കിയില്ല. ലാപ്ടോപ്പ് ഹാജരാക്കണമെന്ന് പൊലീസ് ആവശ്യപ്പെട്ടിരുന്നു. എന്നാൽ അന്വേഷണ ഉദ്യോഗസ്ഥൻ വൈക്കം ഡിവൈഎസ്പി കെ. സുഭാഷിനു മുന്നിൽ ഹാജരാകാൻ എത്തിയപ്പോൾ അദ്ദേഹം ലാപ്ടോപ്പ് എത്തിച്ചില്ല. ഇതോടെ പൊലീസ് നിലപാടു കടുപ്പിച്ചു. നവംബര്‍ അഞ്ചിനകം ലാപ്ടോപ് ഹാജരാക്കണമെന്ന് നിർദേശിച്ചു. പാലിച്ചില്ലെങ്കില്‍ ജാമ്യം റദ്ദാക്കാനുള്ള നടപടി സ്വീകരിക്കുമെന്നും പൊലീസ് മുന്നറിയിപ്പ് നൽകി.

പരാതിക്കാരിയായ കന്യാസ്ത്രീക്കെതിരെ ബിഷപ്പ് അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. ഇത് വ്യാജമാണെന്നും തെളിയിക്കുന്നതിനാണ് ലാപ്ടോപ് ഹാജരാക്കാൻ നിർദേശിച്ചതെന്നാണു പൊലീസ് പറയുന്നു. കന്യാസ്ത്രീയുടെ പരാതി ഈ ഉത്തരവിന്‍റെ പകയെന്നാണ് ബിഷപ്പിന്‍റെ വാദം. 201‌6ൽ ബന്ധുവായ സ്ത്രീ, കന്യാസ്ത്രീക്കെതിരെ പരാതി നൽകിയെന്നും ഇതേത്തുടർന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടതെന്നായിരുന്നു ബിഷപ്പിന്റെ വാദം. ഉത്തരവിന്റെ പകർപ്പും ബിഷപ്പ് ഹാജരാക്കിയിരുന്നു. എന്നാൽ അന്വേഷണത്തിൽ കന്യാസ്ത്രീ ബിഷപ്പിനെതിരെ പരാതി നൽകിയതിനു ശേഷമാണ് ഈ ഉത്തരവിട്ടത് എന്ന് അന്വേഷണസംഘം കണ്ടെത്തി. ബിഷപ്പ് ആരോപണം നിഷേധിച്ച സാഹചര്യത്തിലാണ് ഇത് തെളിയിക്കാൻ ലാപ്ടോപ്പ് നൽകണമെന്ന് പൊലീസ് ആവശ്യപ്പെട്ടത്.

അതേസമയം, ‌അന്വേഷണ ഉദ്യോഗസ്ഥൻ വൈക്കം ഡിവൈഎസ്പി കെ. സുഭാഷിനു മുന്നിൽ ഹാജരായി. കേസിലെ സാക്ഷി ഫാ. കുര്യാക്കോസ് കാട്ടുതറയെ ജലന്തറിൽ മരിച്ച നിലയിൽ കണ്ടെത്തിയതു സംബന്ധിച്ചു അഭിപ്രായം പറയാനില്ലെന്നു ബിഷപ്പ് പ്രതികരിച്ചു. രാവിലെ 10.30 നു ഡിവൈഎസ്പി ഓഫീസിൽ എത്തിയ ബിഷപ്പ് 10.50നു മടങ്ങി.