അമിത് ഷായുടെ യുദ്ധം പിണറായി കാണാനിരിക്കുന്നതേയുള്ളൂ: കെ. സുരേന്ദ്രൻ

കെ. സുരേന്ദ്രന്റെ ഫെയ്സ്ബുക് കുറിപ്പ്

കാസർകോട് ∙ ശബരിമല വിഷയത്തിൽ ഇടതുസർക്കാരിനെ വലിച്ചുതാഴെയിടാനും ബിജെപി മടിക്കില്ലെന്ന പാർട്ടി ദേശീയ അധ്യക്ഷൻ അമിത് ഷായുടെ പ്രസ്താവന ഊട്ടിയുറപ്പിച്ച് സംസ്ഥാന ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ. വലിച്ചു താഴെ ഇറക്കുമെന്നു പറഞ്ഞാൽ വലിച്ചു താഴെ ഇറക്കുമെന്നു തന്നെയാണെന്ന് സുരേന്ദ്രൻ ഫെയ്സ്ബുക് കുറിപ്പിലൂടെ വ്യക്തമാക്കി. അമിത് ഷായുടെ യുദ്ധം പിണറായി കാണാനിരിക്കുന്നതേയുള്ളൂവെന്നും സുരേന്ദ്രൻ കൂട്ടിച്ചേർക്കുന്നു.

ശബരിമലയിൽ ആചാരങ്ങൾ സംരക്ഷിക്കാൻ സമരം ചെയ്യുന്നവരെ ഡിവൈഎഫ്ഐക്കാരെ ഉപയോഗിച്ച് അടിച്ചമർത്താൻ നോക്കിയാൽ സർക്കാരിനെ വലിച്ചു താഴെയിടാൻ ബിജെപി പ്രവർത്തകർ മടിക്കില്ലെന്നായിരുന്നു ശനിയാഴ്ച കേരളത്തിലെത്തിയ അമിത് ഷായുടെ വെല്ലുവിളി. ഇതിനു മറുപടിയുമായി അന്നുതന്നെ മുഖ്യമന്ത്രി പിണറായി വിജയൻ രംഗത്തെത്തിയിരുന്നു. ഈ സർക്കാർ ബിജെപിയുടെ ദയാദാക്ഷിണ്യമല്ലെന്നായിരുന്നു പിണറായിയുടെ മറുപടി.

കെ. സുരേന്ദ്രന്റെ കുറിപ്പിന്റെ പൂർണരൂപം:

വലിച്ച് താഴെ ഇറക്കുമെന്നു പറഞ്ഞാൽ വലിച്ച് താഴെ ഇറക്കുമെന്നു തന്നെയാണ്. അതിനർത്ഥം ഫിസിക്കലി കസേരയിൽനിന്നു വലിച്ചിടുമെന്നല്ല. അധികാരത്തിൽനിന്ന് താഴെ ഇറക്കുമെന്നു തന്നെയാണ് പറഞ്ഞത്. ത്രിപുരയിൽ വലിച്ചു താഴെ ഇറക്കിയിട്ടുണ്ടെങ്കിൽ കേരളത്തിൽ അതൊരു പ്രശ്നമേ അല്ല. അമിത് ഷായുടെ വാക്കുകൾ ഇതുവരെ തെറ്റിയിട്ടില്ല. അദ്ദേഹത്തിന്റെ ഓരോ വാക്കും നീക്കവും എതിരാളികളെ തെല്ലൊന്നുമല്ല ഭയപ്പെടുത്തുന്നത്. ഈ വെപ്രാളത്തിനു കാരണവും മറ്റൊന്നുമല്ല. വെല്ലുവിളി ഏറ്റെടുക്കാന്‍ തയാറാവുക പിണറായി വിജയൻ. ഞങ്ങൾ റെഡി. ഇനി ഗോദയിൽ കാണാം. അമിത് ഷായുടെ യുദ്ധം പിണറായി കാണാനിരിക്കുന്നതേയുള്ളൂ.