ഛത്തീസ്ഗഡില്‍ കോണ്‍ഗ്രസിനു വോട്ട് അഭ്യര്‍ഥിച്ച് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം

കൊല്‍ക്കത്ത∙ ഛത്തീസ്ഗഡില്‍ ബിജെപി അധികാരത്തിലെത്തുന്നതു തടയാന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ കോണ്‍ഗ്രസിനു വോട്ടു ചെയ്യണമെന്ന് സിപിഎം. പൊളിറ്റ് ബ്യൂറോ അംഗവും പശ്ചിമബംഗാള്‍ സംസ്ഥാന സെക്രട്ടറിയുമായ സൂര്യ കാന്ത മിശ്രയാണു തിങ്കളാഴ്ച അണികളോടു കോണ്‍ഗ്രസിനെ സഹായിക്കാന്‍ ആഹ്വാനം ചെയ്തത്. പശ്ചിമബംഗാളില്‍ ബിജെപിക്കും തൃണമൂലിനും എതിരായ പോരാട്ടത്തില്‍ കോണ്‍ഗ്രസിന് എല്ലാ പിന്തുണയും നല്‍കുമെന്നും മിശ്ര വ്യക്തമാക്കി.

ഛത്തീസ്ഗഡില്‍ സിപിഎമ്മോ ഇടതു പാര്‍ട്ടികളോ മല്‍സരിക്കാത്ത സീറ്റുകളില്‍ വര്‍ഗീയ കക്ഷിയായ ബിജെപിയെ പരാജയപ്പെടുത്താന്‍ കോണ്‍ഗ്രസ് മാത്രമാണ് ബദല്‍ മാര്‍ഗം. ആ സാഹചര്യത്തില്‍ കോണ്‍ഗ്രസിനു വോട്ടു ചെയ്യുകയാണു വേണ്ടതെന്നും മിശ്ര വ്യക്തമാക്കി. ഛത്തീസ്ഗഡില്‍ മൂന്നു സീറ്റുകളിലാണു സിപിഎം മല്‍സരിക്കുന്നത്.

ബംഗാളില്‍ ബിജെപിയെയും തൃണമൂല്‍ കോണ്‍ഗ്രസിനെയും തറപറ്റിക്കാന്‍ പ്രതിപക്ഷ കക്ഷികള്‍ ഒറ്റക്കെട്ടായി പോരാട്ടം കാഴ്ച വയ്‌ക്കേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.