ദീപാവലി: ദക്ഷിണേന്ത്യയിൽ പകൽ സമയത്തും 2 മണിക്കൂർ പടക്കം പൊട്ടിക്കാം

ന്യൂഡൽഹി∙ ദീപാവലി ദിവസം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ പകൽ സമയത്ത് സൗകര്യപ്രദമായ രണ്ടു മണിക്കൂർ നേരം പടക്കങ്ങൾ പൊട്ടിക്കാമെന്നു സുപ്രീം കോടതി. ദീപാവലിക്ക് രാത്രി എട്ടു മുതൽ പത്തു വരെ മാത്രമെ പടക്കങ്ങൾ പൊട്ടിക്കാവൂയെന്ന വിധിയിൽ ഇളവു വരുത്തിയാണ് സുപ്രീം കോടതിയുടെ പുതിയ വിധി.

ദീപാവലി ദിവസം രാവിലെ പടക്കം പൊട്ടിക്കുന്ന ആചാരം നിലനിൽക്കുന്നതിനാൽ രാവിലെ നാലര മുതൽ ആറര വരെ ഇതിനനുവാദം നൽകണമെന്നു ആവശ്യപ്പെട്ടുകൊണ്ടു തമിഴ്നാട് സർക്കാർ ബുധനാഴ്‍ച സുപ്രീം കോടതിയെ സമീപിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് എല്ലാ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കും പകൽ രണ്ടു മണിക്കൂർ പടക്കം പൊട്ടിക്കുന്നതിനു സുപ്രീം കോടതി അനുവാദം നൽകിയത്. നവംബർ 6നാണ് തമിഴ്നാട്ടിൽ ദീപാവലി ആഘോഷം.