ജമ്മുവിൽ ബിജെപി നേതാവിനെയും സഹോദരനെയും വെടിവച്ചു കൊലപ്പെടുത്തി

അനില്‍ പരിഹര്‍.

ജമ്മു∙ ബിജെപി സംസ്ഥാന സെക്രട്ടറി അനിൽ പരിഹറും സഹോദരൻ അജീത് പരിഹറും വെടിയേറ്റു മരിച്ചു. ജമ്മു കശ്മീരിലെ കിഷ്ത്വറിൽ വൈകിട്ട് എട്ടോടെയാണു സംഭവം. അക്രമികളെ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. തപൻ ഗലിയിലുള്ള സ്റ്റേഷനറി കട അടച്ചതിനുശേഷം വീട്ടിലേക്കു വരുമ്പോഴാണ് ആക്രമണമുണ്ടായത്. സംഭവത്തെ തുടർന്ന് കിഷ്ത്വറിൽ കർഫ്യൂ പ്രഖ്യാപിച്ചു.

ഭീകരരാണോ ക്രിമിനലുകളാണോ ആക്രമണത്തിനു പിന്നിലെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണു പൊലീസ്. അതേസമയം, ആക്രമണം നടത്തിയത് ഭീകരരാണെന്ന് ബിജെപി ആരോപിച്ചു. വെടിയേറ്റയുടൻ ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ലെന്നും സംസ്ഥാന പ്രസിഡന്റ് രവീന്ദർ റെയ്ന അറിയിച്ചു.

2008 നിയമസഭാ തിരഞ്ഞെടുപ്പിൽ ജമ്മു കശ്മീർ നാഷൻ പാന്തേഴ്സിന്റെ സ്ഥാനാർഥിയായി അനിൽ മൽസരിച്ചിട്ടുണ്ട്. കിഷ്ത്വറിൽനിന്നായിരുന്നു മൽസരം.