റഫാല്‍ അന്വേഷണത്തെ അതിജീവിക്കാന്‍ മോദിക്ക് കഴിയില്ല: രാഹുല്‍ ഗാന്ധി

ന്യൂഡല്‍ഹി ∙ റഫാല്‍ അന്വേഷണത്തെ അതിജീവിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കാവില്ലെന്ന് തനിക്ക് ഉറപ്പുണ്ടെന്നു കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. അതിന് ഒരു കാരണം ഇടപാടില്‍ അഴിമതി നടന്നിരിക്കുന്നു എന്നതു തന്നെയാണ്. രണ്ടാമത്, അനില്‍ അംബാനിക്ക് 30000 കോടി രൂപ നല്‍കാനായി മോദിയുണ്ടാക്കിയ കരാറാണിതെന്നും രാഹുല്‍ പറഞ്ഞു.

റഫാല്‍ നിര്‍മാതാക്കളായ ഡാസോ ഏവിയേഷന്‍, അനില്‍ അംബാനിയുടെ നഷ്ടത്തിലായിരുന്ന റിലയന്‍സ് എയര്‍പോര്‍ട് ഡവലപേഴ്‌സ് ലിമിറ്റഡില്‍ (ആര്‍എഡിഎല്‍) 284 കോടി രൂപ നിക്ഷേപിച്ചുവെന്ന വാര്‍ത്ത പുറത്തുവന്നതിന്റെ പശ്ചാത്തലത്തിലാണ് രാഹുലിന്റെ പ്രസ്താവന. ഇടപാടിന്റെ ആദ്യഗഡു കൈക്കൂലിയെന്ന നിലയിലാണ് ഡാസോ, അനില്‍ അംബാനിയുടെ കമ്പനിക്കു പണം നല്‍കിയതെന്നു രാഹുല്‍ ആരോപിച്ചു. റഫാല്‍ കരാര്‍ നിലവില്‍ വന്നതിനു ശേഷമാണു പണം നിക്ഷേപിച്ചതെന്നു വാര്‍ത്ത പുറത്തുവിട്ട ഓണ്‍ലൈന്‍ മാധ്യമം റിപ്പോര്‍ട്ട് ചെയ്തിരുന്നു.

വിമാനത്താവളത്തിനു സമീപം സ്ഥലമുള്ളതു കൊണ്ടാണു റിലയന്‍സിനെ കരാറില്‍ പങ്കാളിയാക്കിയതെന്ന് ഡാസോ സിഇഒ പറഞ്ഞിരുന്നു. എന്നാല്‍ ഡാസോ നല്‍കിയ പണം കൊണ്ടാണ് അനില്‍ അംബാനി ഈ സ്ഥലം വാങ്ങിയതെന്ന് ഇപ്പോള്‍ വ്യക്തമായെന്നും കൈക്കൂലിയുടെ ഉത്തമദൃഷ്ടാന്തമാണിതെന്നും രാഹുല്‍ കുറ്റപ്പെടുത്തി. ഡാസോ സിഇഒ കളവു പറയുകയാണ്. നഷ്ടത്തിലായ കമ്പനിയില്‍ 284 കോടിയോളം രൂപ ഡാസോ നിക്ഷേപിച്ചതെന്തിനാണെന്ന വലിയ ചോദ്യം അവശേഷിക്കുകയാണ്. സിഇഒ കളവു പറയുന്നത് ഒരാളെ സംരക്ഷിക്കാനാണ്. ഈ രാജ്യത്തെ നയിക്കുന്നയാളെ - മോദിയുടെ പേരെടുത്തു പറയാതെ രാഹുല്‍ അഭിപ്രായപ്പെട്ടു.