19ന് ശിവദാസൻ വിളിച്ചെന്ന് മകനും; ബിജെപി വാദം പൊളിയുന്നു

ശിവദാസന്റെ മ‍ൃതദേഹം പൊലീസ് കണ്ടെടുക്കുന്നു; മകൻ നൽകിയ പരാതിയിൽനിന്ന്.

പത്തനംതിട്ട∙ ളാഹ വനത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയ ശബരിമല തീര്‍ത്ഥാടകന്‍ ശിവദാസന്‍റെ മരണം പൊലീസ് നടപടിമൂലമല്ലെന്ന വാദം ബലപ്പെടുന്നു. ശിവദാസന്‍ ശബരിമല ദര്‍ശനത്തിനു പുറപ്പെട്ടത് ഒക്ടോബര്‍ 18നു രാവിലെയാണെന്നു മകന്‍ പന്തളം പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. 19നു ക്ഷേത്ര ദര്‍ശനത്തിനുശേഷം വീട്ടിലേക്കു ശിവദാസന്‍ വിളിച്ചിരുന്നതായും 25നു നല്‍കിയ പരാതിയില്‍ പറയുന്നു. പരാതിയുടെ പകര്‍പ്പ് മനോരമ ന്യൂസിന് ലഭിച്ചു.

നിലയ്ക്കലില്‍ പൊലീസ് നടപടിയുണ്ടായത് 16, 17 തീയതികളിലാണ്. അതിനുശേഷമാണു ശിവദാസന്‍ വീട്ടില്‍നിന്ന് ഇറങ്ങിയതെന്ന് വീട്ടുകാർ നൽകിയ പരാതിയിൽ പറയുന്നു. കഴിഞ്ഞ ദിവസം പത്തനംതിട്ട എസ്പിയും ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. പൊലീസ് നടപടിക്കിടെയാണ് ശിവദാസനെ കാണാതായതെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്ന് പത്തനംതിട്ട എസ്പി സി. നാരായണന്‍ പറഞ്ഞു. തെറ്റിദ്ധരിപ്പിക്കുന്ന ആരോപണങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കുമെന്നും എസ്പി പറഞ്ഞു. ശിവദാസന്‍റെ മരണം നിലയ്ക്കലിൽ പൊലീസ് നടപടിക്കാണെന്ന സംഘപരിവാർ പ്രചാരണം തളളി പൊലീസിന്റെ പത്രക്കുറിപ്പും പുറത്തുവന്നിരുന്നു.

കഴിഞ്ഞ മാസം 18 മുതല്‍ കാണാതായ ശിവദാസന്‍റെ മൃതദേഹം ഇന്നലെയാണു പമ്പ കമ്പകത്തുംവളവില്‍ കണ്ടെത്തിയത്. ശബരിമല ദര്‍ശനത്തിനുശേഷം അപകടത്തില്‍പ്പെട്ടതാകാമെന്നാണ് പൊലീസ് പറയുന്നത്. അതേസമയം, പൊലീസ് നടപടിക്കിടെയാണ് മരിച്ചതെന്ന് ആരോപിച്ച് ബിജെപി ഇന്ന് പത്തനംതിട്ട ജില്ലയിൽ ഹർത്താൽ നടത്തുകയാണ്.