കർണാടക ഉപതിരഞ്ഞെടുപ്പ്: വോട്ടിങ് അവസാനിച്ചു; വിജയം ഉറപ്പെന്ന് ബിജെപി

ജമാഖണ്ഡിയിലെ പോളിങ് ബൂത്തിൽ ക്യൂ നിൽക്കുന്ന വോട്ടർമാർ. ചിത്രം: എഎൻഐ ട്വിറ്റർ

ബെംഗളൂരു∙ കർണാടകയിൽ മൂന്ന് ലോക്സഭാ സീറ്റുകളിലേക്കും രണ്ട് നിയമസഭാ സീറ്റുകളിലേക്കും നടക്കുന്ന ഉപതിരഞ്ഞെടുപ്പുകളിൽ പോളിങ് അവസാനിച്ചു. ബെല്ലാരി–63.85, ഷിമോഗ–61.05 , മാണ്ഡ്യ–53.93, ജമാഖണ്ഡി–81.58, രാമനഗര– 73.71 എന്നിങ്ങനെയാണു വിവിധ സീറ്റുകളിലെ പോളിങ് ശതമാനം. മൂന്നു ലോക്സഭാ സീറ്റുകളിലും വിജയം ഉറപ്പാണെന്ന് കർണാടക മുൻ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ബി.എസ്. യെഡിയൂരപ്പ പ്രതികരിച്ചു.

ഷിമോഗ സീറ്റിൽ തന്റെ മകനായ ബി.എസ്. രാഘവേന്ദ്രയുടെ വിജയം 101 ശതമാനം ഉറപ്പാണെന്നും യെഡിയൂരപ്പ പറഞ്ഞു. ബെല്ലാരിയിലും ജമാഖണ്ഡിയിലും ബിജെപി വിജയിക്കാൻ പോകുകയാണ്. എല്ലാ സീറ്റുകളിലും ബിജെപിക്ക് മികച്ച ഭൂരിപക്ഷം ലഭിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബെല്ലാരി ഉപതിരഞ്ഞെടുപ്പിനിടെ ഹരഗിനിദോനി ഗ്രാമത്തിലെ ശുദ്ധജല വിതരണം കാര്യക്ഷമമല്ലെന്ന പരാതി ഉന്നയിച്ച് വനിതാ വോട്ടർമാർ പ്രതിഷേധവുമായി രംഗത്തെത്തി. ഇത് വോട്ടിങ്ങിനെ ബാധിച്ചു.

ജമാഖണ്ഡി മണ്ഡലത്തിലെ 50–ാം ബൂത്തിൽ വോട്ടിങ് യന്ത്രം തകരാറിലായതിനെ തുടർന്ന് പോളിങ്  തടസ്സപ്പെട്ടു. മാണ്ഡ്യ, നാഗമണ്ഡലയിലെ 90–ാം നമ്പർ‌ ബൂത്തിലും യന്ത്രത്തകരാർ ഉണ്ടായതിനെ തുടർന്ന് വോട്ടിങ് അല്‍പ നേരത്തേക്കു തടസ്സപ്പെട്ടു. രാമനഗര മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥിയായിരുന്ന എൽ. ചന്ദ്രശേഖർ പിൻമാറിയതിനാൽ ബിജെപിയുടെ ഏജന്റുമാരെ ബൂത്തുകൾക്ക് അകത്തേക്കു പ്രവേശിപ്പിച്ചില്ല. നവംബർ ആറിനാണ് എല്ലായിടത്തും വോട്ടെണ്ണൽ.