13 പേരെ കൊന്നതായി പറയപ്പെടുന്ന പെണ്‍കടുവയെ മഹാരാഷ്ട്രയില്‍ വെടിവച്ചു കൊന്നു

ന്യൂഡല്‍ഹി∙ രണ്ടു വര്‍ഷത്തിനുള്ളില്‍ 13 പേരെ കൊലപ്പെടുത്തിയെന്നു സംശയിക്കുന്ന പെണ്‍കടുവയെ മഹാരാഷ്ട്രയില്‍ വെടിവച്ചുകൊന്നു. വൻ സന്നാഹങ്ങളോടെ മൂന്നു മാസം നടത്തിയ തിരച്ചിലിനൊടുവിലാണ് നരഭോജിയെന്നു കരുതുന്ന അവ്‌നിയെന്ന കടുവയെ വകവരുത്തിയത്. അതേസമയം, കടുവയെ കൊന്നതിനെതിരെ പ്രകൃതിസ്നേഹികളുടെ പ്രതിഷേധമുയർന്നു.

നിരവധി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ അവ്‌നിയെ വെടിവയ്ക്കാന്‍ സുപ്രീംകോടതി സെപ്റ്റംബറില്‍ അനുമതി നല്‍കിയിരുന്നു. പതിനായിരത്തോളം പേരാണ് ഓണ്‍ലൈനില്‍ പരാതി നല്‍കിയിരുന്നത്. അസ്ഗര്‍ അലി എന്ന ഷാര്‍പ് ഷൂട്ടര്‍ അവ്‌നിയെ വെടിവച്ചു വീഴ്ത്തിയതായി പൊലീസ് അറിയിച്ചു. ബൊറാത്തി വനത്തില്‍ വച്ചാണ് കടുവയെ വീഴ്ത്തിയത്. പത്തു മാസം പ്രായമുള്ള രണ്ടു കുഞ്ഞുങ്ങളുണ്ട് അവ്‌നിക്ക്. 

മറ്റൊരു പെണ്‍കടുവയുടെ മൂത്രവും അമേരിക്കന്‍ നിര്‍മിത സുഗന്ധദ്രവ്യവും വനത്തില്‍ തളിച്ചാണ് അവ്‌നിയെ ആകര്‍ഷിച്ചതെന്ന് പൊലീസ് അറിയിച്ചു.  മൂന്നു മാസമായി നൂറ്റമ്പതോളം പേര്‍ നായ്ക്കളുടെയും ആനകളുടെയും മറ്റും സഹായത്തോടെയാണു അവ്‌നിക്കായി തിരച്ചില്‍ നടത്തിയിരുന്നത്.

കാമറകള്‍, ഡ്രോണുകള്‍ തുടങ്ങി അതിനൂതന സാങ്കേതികവിദ്യയും പരിശീലനം ലഭിച്ച നായ്ക്കളെയും കടുവയെ കണ്ടെത്താന്‍ ഉപയോഗിച്ചിരുന്നു. വിവാദ വേട്ടക്കാരനായ സഫത് അലി ഖാന്റെ സഹായവും വനംവകുപ്പ് തേടി. സഫതിന്റെ മകനാണ് കടുവയെ വീഴ്ത്തിയ അസ്ഗര്‍ അലി. സഫതിന്റെ സഹായം തേടിയതിനെതിരേ പരിസ്ഥിതി പ്രവര്‍ത്തകരുടെ ഭാഗത്തുനിന്ന് കടുത്ത എതിര്‍പ്പ് ഉയര്‍ന്നിരുന്നു. 

2012-ല്‍ യവത്്മാല്‍ വനമേഖലയിലാണ് അവ്‌നിയെ ആദ്യമായി കണ്ടത്. അവ്‌നിയുടെ വാസമേഖലയില്‍ കണ്ടെത്തിയ 13 മൃതദേഹങ്ങളില്‍ അഞ്ചെണ്ണത്തിലും അവ്‌നിയുടെ ഡിഎന്‍എ സ്ഥിരീകരിച്ചിരുന്നു. അവ്‌നിയെ കൊല്ലാനുള്ള പദ്ധതി റദ്ദാക്കണമെന്നും ജീവനോടെ പിടികൂടാന്‍ ശ്രമിക്കണമെന്നും കാട്ടി കഴിഞ്ഞ മാസം സമര്‍പ്പിച്ച ഹര്‍ജി ബോംബെ ഹൈക്കോടതി ഫയലില്‍ സ്വീകരിച്ചിരുന്നു. അവ്‌നിയെ കൊന്നാല്‍ അതിന്റെ ഒരു വയസ്സിനു താഴെ പ്രായമുളള കുഞ്ഞുങ്ങള്‍ അനാഥരാകുമെന്നു ചൂണ്ടിക്കാട്ടി ജെറില്‍ ബനൈറ്റ് ഹര്‍ജി നല്‍കിയത്.