കുട്ടികൾ കൂടുതലുള്ളവർക്ക് വോട്ടവകാശം വേണ്ട; അവിവാഹിതരെ ആദരിക്കണമെന്നും രാംദേവ്

ബാബാ രാംദേവ്.

ന്യൂഡൽഹി∙ അവിവാഹിതരായ അളുകളെ രാജ്യം ആദരിക്കണമെന്നു യോഗാ ഗുരു ബാബാ രാംദേവ്. വൻ ജനസാന്ദ്രതയുള്ള ഇന്ത്യ പോലുള്ള രാജ്യങ്ങളിൽ തന്നെപ്പോലെ അവിവാഹിതരായ ആളുകൾക്കു പ്രത്യേക ആദരം നൽകേണ്ടത് ആവശ്യമാണ്. അതുപോലെത്തന്നെ രണ്ടിലധികം കുട്ടികൾ ഉള്ള ദമ്പതികളുടെ വോട്ടവകാശം എടുത്തുകളയുക എന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കണം– രാംദേവ് പറഞ്ഞു. ദേശീയ മാധ്യമത്തിന്റെ പരിപാടിയിൽ നടത്തിയ പ്രസംഗത്തിലാണു യോഗാ ഗുരുവിന്റെ പ്രസ്താവന.

കുടുംബ ജീവിതം നയിക്കാൻ ആഗ്രഹിച്ചിട്ടില്ല. താൻ സ്വന്തമായൊരു ബ്രാൻഡ് സൃഷ്ടിച്ചു. അതുപോലെ ആയിരം ബ്രാൻഡുകളൊരുക്കി 2050ഓടെ ഇന്ത്യയെ ലോകത്തിലെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയാക്കുകയാണു ലക്ഷ്യം.– രാംദേവ് പറഞ്ഞു. ഒരു കുടുംബനാഥനാകുകയെന്നത് എളുപ്പമുള്ള കാര്യമല്ല. ഒരുപാട് പേർ വിവാഹിതരായിക്കഴിഞ്ഞു. അതിനായി ഒരുപാട് പേർ ഒരുങ്ങുന്നുമുണ്ട്. ഒരു കുട്ടിയായി കഴിഞ്ഞാൽ പിന്നീടുള്ള ജീവിതകാലം മുഴുവൻ നമ്മൾ അവർക്കുവേണ്ടി മാറ്റിവയ്ക്കേണ്ടി വരുമെന്നു അദ്ദേഹം പറഞ്ഞു.

അടുത്ത വർഷം നടക്കുന്ന പൊതുതിരഞ്ഞെടുപ്പിൽ പ്രചാരണത്തിനിറങ്ങില്ലെന്നും രാംദേവ് പറഞ്ഞു. രാഷ്ട്രീയത്തിൽ നിന്നു സ്വയം പിന്മാറുകയാണ്. താൻ എല്ലാ രാഷ്ട്രീയകക്ഷികളുടെയും ഒപ്പമുണ്ട്. എന്നാൽ എവിടെയും അംഗമല്ലെന്നും അദ്ദേഹം പറഞ്ഞു. 2014–ൽ നടന്ന തിരഞ്ഞെടുപ്പിൽ ബാബാ രാംദേവ് ബിജെപിക്കായി പ്രചാരണത്തിനിറങ്ങിയിരുന്നു.