Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

അടുത്ത പ്രധാനമന്ത്രിയാരെന്നു പറയാനാകില്ല: മോദിയെക്കുറിച്ച് മിണ്ടാതെ ബാബാ രാംദേവ്

modi-baba-ramdev യോഗഗുരു ബാബാ രാംദേവ് പ്രധാനമന്ത്രി നരേന്ദ്രമോദിക്കൊപ്പം

മധുര∙ അടുത്ത പ്രധാനമന്ത്രി ആരാകുമെന്നതിനെക്കുറിച്ചു പറയാനാകില്ലെന്നു യോഗ ഗുരു ബാബാ രാംദേവ്. നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങൾ വളരെ ബുദ്ധിമുട്ടുള്ളതാണ്. അടുത്ത പ്രധാനമന്ത്രി ആരാണെന്നോ ആരു നയിക്കുമെന്നോ ഇപ്പോൾ പറയാനാകില്ല. പക്ഷേ കാര്യങ്ങൾ വളരെ രസകരമായ രീതിയിലാണു മുന്നോട്ടു പോകുന്നതെന്ന് ബാബാ രാംദേവ് വാര്‍ത്താ ഏജൻസിയായ എഎന്‍ഐയോടു പറഞ്ഞു.

ബിജെപി ഭരിച്ചിരുന്ന രാജസ്ഥാൻ, ഛത്തീസ്ഗഡ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിൽ കോൺഗ്രസ് മികച്ച തിരിച്ചുവരവു നടത്തി ആഴ്ചകൾക്കു ശേഷമാണ് രാംദേവിന്റെ പ്രതികരണം. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിൽ ബാബാ രാംദേവിന്റെ പിന്തുണ ബിജെപിക്കായിരുന്നു. എന്നാൽ 2019ലെ തിരഞ്ഞെടുപ്പിൽ ഒരു പാർട്ടിയെയും പിന്തുണയ്ക്കുകയോ ആരെയും എതിർക്കുകയോ ഇല്ലെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

ഞാനൊരിക്കലും രാഷ്ട്രീയത്തിനു ശ്രദ്ധ നൽകിയിട്ടില്ല. രാഷ്ട്രീയപരമായോ മതപരമായോ ഉള്ള ഒരു അജൻഡയും ഇല്ല. പക്ഷേ നമുക്കു വേണ്ടത് ആത്മീയമായ രാജ്യവും ലോകവുമാണ്. യോഗയിലൂടെയും വേദപരിശീലനത്തിലൂടെയും അങ്ങനെയൊരു ഇന്ത്യയെയാണു നമ്മള്‍ ഉണ്ടാക്കുന്നത്–അദ്ദേഹം പറഞ്ഞു.

2014ലെ പൊതുതിരഞ്ഞെടുപ്പിൽ ബിജെപിയുടെ പ്രവർത്തനങ്ങളെ പിന്തുണച്ചിരുന്നു. ഒരു വര്‍ഷത്തിനു ശേഷം ബിജെപി ഭരിക്കുന്ന ഹരിയാനയുടെ ബ്രാൻഡ് അംബാസഡറാക്കി കാബിനറ്റ് പദവിയും രാംദേവിനു നൽകി. ഹരിയാനയിൽ വരുമ്പോഴെല്ലാം സുരക്ഷാ ഉദ്യോഗസ്ഥർ, സഞ്ചരിക്കാൻ കാർ, അകമ്പടി വാഹനം തുടങ്ങിയവയെല്ലാം അദ്ദേഹത്തിന് അനുവദിച്ചു.

ഇതാദ്യമായല്ല രാംദേവ് രാഷ്ട്രീയ അഭിപ്രായ പ്രകടനങ്ങളിൽനിന്നു വിട്ടുനിൽക്കുന്നത്. ബിജെപിക്കു വേണ്ടി തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുമോയെന്ന് ഒരു മാധ്യമപ്രവർത്തകൻ ചോദിച്ചപ്പോൾ എന്തിനാണു ഞാൻ എന്നായിരുന്നു രാംദേവിന്റെ മറുപടി. എല്ലാ പാർട്ടികൾക്കുമൊപ്പമുണ്ടെന്നും എന്നാൽ ഒരു പാർട്ടിക്കൊപ്പവുമില്ലെന്നുമാണ് രാംദേവിന്റെ നിലപാട്.

related stories