Manoramaonline.com no longer supports Internet Explorer 8 or earlier. Please upgrade your browser.  Learn more »

എന്‍പിപി-ബിജെപി സഖ്യസര്‍ക്കാര്‍ നിഷ്‌ക്രിയം; തൊഴിലാളികളെ വിധിക്കു വിട്ട്‌ അവധിയാഘോഷം

ഖനനവഴികളിലൂടെ ∙ തോമസ് ഡൊമിനിക്
Author Details
Saipung-Coal-Mine സായ്പുങ് കല്‍ക്കരി ഖനിയില്‍ നടത്തിയ രക്ഷാപ്രവര്‍ത്തനം

ഒരു വലിയ രാജ്യമാകെ ചെറിയൊരപകടത്തിനു മുന്നിൽ നിസഹായരായതങ്ങനെ? കഴിഞ്ഞ ദിവസം ചീഫ് ഫൊട്ടോഗ്രഫർ ജെ. സുരേഷിനൊപ്പം ഖനിയപകടമുണ്ടായ സായ്പുങ്ങിലെത്തുമ്പോൾ ദേശീയ ദുരന്ത നിവാരണ സേനയുടെ (എൻഡിആർഎഫ്) സുസജ്ജ സംഘം അവിടെയുണ്ടായിരുന്നു. നേതൃത്വം നൽകാൻ പരിചയസമ്പന്നനായ അസി. കമാൻഡന്റ് സന്തോഷ് കുമാർ സിങ്. അദ്ദേഹത്തിനു കീഴിൽ 9 മുങ്ങൽ വിദഗ്ധരടക്കം 70 പേർ.

എന്നാൽ, 25 കുതിരശക്തിയുടെ രണ്ടു കൊച്ചു പമ്പുകൾ മാത്രം ഉപയോഗിച്ച് അവർക്കു ഖനിയിലെ വെള്ളം വറ്റിക്കാനാകുമായിരുന്നില്ല. നദിയിൽനിന്നു ഖനിയിലേയ്ക്കുള്ള ജലപ്രവാഹം നിയന്ത്രിക്കാൻ 100 കുതിരശക്തിയുള്ള 10 പമ്പുകൾ ഒരേ സമയം പ്രവർത്തിപ്പിക്കേണ്ടിയിരുന്നു. സംസ്ഥാന സർക്കാരിന് ഇതറിയാമായിരുന്നിട്ടും തുടർനടപടിയുണ്ടായില്ല. എൻഡിആർഎഫ് തുടർച്ചയായി നൽകിയ എസ്‍ഒഎസ് സന്ദേശങ്ങൾക്ക് ആരും ചെവികൊടുത്തില്ല.

നിസംഗ ഭരണകൂടം

നാഷനൽ പീപ്പിൾസ് പാർട്ടി – ബിജെപി സഖ്യ സർ‌ക്കാരിന്റെ മുഖ്യമന്ത്രി കൊൺറാഡ് സാങ്മയാണ്. ജനപക്ഷത്തു നിന്നു ദേശീയനേതാവായ പരേതനായ മുൻ ലോക്സഭാ സ്പീക്കർ പി.എ. സാങ്മയുടെ മകൻ. അപകടമുണ്ടായ ഡിസംബർ 13നു സിബിസിഐയുടെ ക്രിസ്മസ് ആഘോഷങ്ങളിൽ പങ്കെടുക്കാൻ മുഖ്യമന്ത്രി ഡൽഹിയി‌ലായിരുന്നു.
സംസ്ഥാനത്തു തിരിച്ചെത്തിയ അദ്ദേഹം ഒരിക്കലെങ്കിലും അപകടസ്ഥലം സന്ദർശിച്ചില്ല. മന്ത്രിസഭാംഗങ്ങളിലാരെയെങ്കിലും അവിടേയ്ക്കു പറഞ്ഞയച്ചില്ല. സ്ഥലം സന്ദർശിച്ച ഏക ജനപ്രതിനിധി പ്രതിപക്ഷ എംഎൽഎ ഡോ. ആസാദ് സമനാണ്. അദ്ദേഹത്തിന്റെ രാജാവാല മണ്ഡലത്തിൽ നിന്ന് ഒരു കുടുംബത്തിലെ മൂന്നു പേർ ഉൾപ്പെടെ അ‍ഞ്ചു പേർ ഖനിയിൽ അകപ്പെട്ടിരുന്നു.

സംസ്ഥാനവും കേന്ദ്രവും ഉണർന്നു പ്രവർത്തിച്ചിരുന്നെങ്കിൽ ഈ ദുർഘടപ്രദേശത്ത് സൈനിക ഹെലികോപ്ടറുകളിൽ അതിശേഷിയുള്ള പമ്പുകളും അനുബന്ധ ഉപകരണങ്ങളും എത്തിച്ചേരുമായിരുന്നു. തൊഴിലാളികളെ ‌രക്ഷപ്പെടുത്തുന്നതിനു ശ്രമിക്കാനെങ്കിലും ദുരന്തനിവാരണ സേനയ്ക്കു കഴിയുമായിരുന്നു. അതിനു പകരം, ക്രിസ്മസ് തലേന്ന്, എല്ലാ രക്ഷാപ്രവർത്തനങ്ങളും സർക്കാർ നി‌ർത്തിവച്ചു; ‌സംസ്ഥാന ദുരന്തരക്ഷാ വിഭാഗത്തിന്റെ സർവേയർമാർ നടത്തുന്ന പഠനത്തിന്റെ അടിസ്ഥാനത്തിൽ ലഭിക്കുന്ന റിപ്പോർട്ട് പരി‌ശോധിച്ചു പിന്നീടു തുടർനടപടിയെടുക്കാൻ തീരുമാനിച്ച്, 17 ‌തൊഴിലാളികളെ ഖനിയിലെ ഇരുട്ടറകൾക്കു വിട്ടുകൊടുത്ത്, ക്രിസ്മസ്, പുതുവത്സര അവധിയിൽ പ്രവേശിച്ചു.

എല്ലാം ശുഭം

മാർച്ചിൽ അധികാരമേറ്റതിനു പിന്നാലെ മേഘാലയ മുഖ്യമന്ത്രി കൊൺറാഡ് സാങ്മ ഒരു പ്രസ്താവനയിറക്കി: സംസ്ഥാനത്ത് അനധികൃത കൽക്കരി ഖനനമില്ല! ദേശീയ ഹരിത ട്രൈബ്യൂണലിന്റെ ഖനന നിരോധനം ലംഘിക്കപ്പെടുന്നില്ല. ലോകത്തെ തെറ്റിദ്ധരിപ്പിക്കാൻ യാഥാർഥ്യത്തിനു മുന്നിൽ കണ്ണടയ്ക്കുകയായിരുന്നു സർക്കാർ.

ഖനന നയം

ഖനനം പൂർണമായി ഇല്ലാതായാൽ? സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥ തകരും, തൊഴിൽ ഇല്ലാതാകും. ഖനനം തുടർന്നാലോ? വനനശീകരണവും ജൈവവൈവിധ്യ വിനാശവും കൊണ്ടു തകർച്ചയിലായ പരിസ്ഥിതി കൂടുതൽ നാശോന്മുഖമാകും. മലമുകളിലെ മണ്ണൊലിച്ചു പോകും. ജലസ്രോതസുകൾ മലീമസമാകും. ജീവിതം ദുഷ്കരമാകും. പ്രകൃതിയെ തുടർച്ചയായി വെല്ലുവിളിച്ചാലെന്തെന്നാണ് കുറെ നാൾ മുൻപ് ഉത്തരാഖണ്ഡിലും ഈയിടെ കേരളത്തിലും കണ്ടത്. തുടർച്ചയായ ചെ‌റു ദുരന്തങ്ങളിലൂടെ മേഘാലയയിലും പ്രകൃതി വലിയ മുന്നറിയിപ്പു നൽകുകയാണ്. അതു കണ്ടില്ലെന്നു നടിക്കുന്നതു വലിയ അപകടങ്ങളിലേ‌യ്ക്കാവും വഴി തുറക്കുക.

വേണ്ടതു ഖനന നയം

പരിസ്ഥിതി സംരക്ഷിക്കപ്പെടണം. ബദൽ തൊഴിലവസരങ്ങൾ ക‌ണ്ടെത്തണം. വികസനം നിലനിർത്തണം. പാവപ്പെട്ട തൊഴിലാളികളെ കുരുതി കൊടുക്കാതിരിക്കാനുള്ള സംവേദനക്ഷമത സർ‌‌ക്കാരിനുണ്ടാവണം. ഇതിന് ആദ്യം വേണ്ടതു സംസ്ഥാനത്തു സുവ്യക്തമായ ഖനന നയമാണ്. അതു നടപ്പാക്കാനുള്ള മനസുറപ്പും.

(പരമ്പര അവസാനിച്ചു)